ഡോ. ടോണി ഡാനിയല്‍ അന്തരിച്ചു

കൊച്ചി: അഖിലേന്ത്യാ അത്‌ലറ്റിക് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയും ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ എറണാകുളം അയ്യപ്പന്‍കാവ് പുളിക്കത്തറ വീട്ടില്‍ ഡോ. ടോണി ഡാനിയല്‍ (64) അന്തരിച്ചു. ഇന്നലെ പ്രഭാതസവാരിക്കു ശേഷം വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്‌കാരം പിന്നീട്. കേരള ഒളിംപിക് അസോസിയേഷന്‍ കണ്‍വീനറായിരുന്ന ടോണി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാഡ് ഉള്‍പ്പെടെ ഇന്ത്യക്ക് അകത്തും പുറത്തും നടന്ന സുപ്രധാന മീറ്റുകളുടെ മുഖ്യ സംഘാടകനായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കോമണ്‍വെല്‍ത്ത് ഗെയിംസുകളുടെ  സംഘാടകനായും പ്രവര്‍ത്തിച്ചു.
കേരളത്തിലെ കായികതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വിദ്യാഭ്യാസ കാലം മുതല്‍ കായികതാരമായിരുന്ന ടോണി ഡാനിയല്‍ നിരവധി ദേശീയ മീറ്റുകളില്‍ കേരളത്തെ പ്രതിനിധീകരിച്ചു. ഓട്ടമായിരുന്നു മല്‍സരയിനം. തുടര്‍ന്നു ഫിസിക്കല്‍ എജ്യൂക്കേഷനില്‍ ഡോക്ടറേറ്റ് എടുത്തു. ആലുവ സെന്റ് സേവ്യേഴ്‌സ് കോളജിലെ കായികവിഭാഗം തലവനായാണു വിരമിച്ചത്. ഭാര്യ: ലിസി (റിട്ട. അധ്യാപിക). മകള്‍: അമ്മു (അമേരിക്ക). മരുമകന്‍: ഡീന്‍ (അമേരിക്ക).
Next Story

RELATED STORIES

Share it