Flash News

ഡോണള്‍ഡ് ട്രംപ് യുഎസിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന് സര്‍വേ



വാഷിങ്ടണ്‍: ചുമതലയേറ്റിട്ട് കുറച്ചുമാസങ്ങളെ ആയിട്ടുള്ളുവെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതായി സര്‍വേ. വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ ഏജന്‍സിയായ പ്യുവിന്റെ സര്‍വേ റിപോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ട്രംപിന്റെ മിക്ക നയങ്ങളും ലോകതലത്തില്‍തന്നെ എതിര്‍പ്പിനു കാരണമായി. മറ്റു രാജ്യങ്ങളില്‍ ട്രംപിന്റെ നയങ്ങള്‍ അമേരിക്കയുടെ വിലയിടിച്ചതായും സര്‍വേയില്‍ വ്യക്തമായി. 37 രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 22 ശതമാനം പേര്‍ മാത്രമാണ് പുതിയ പ്രസിഡന്റിനെ പിന്തുണച്ചത്. എന്നാല്‍, ലോകത്തെ നയിക്കാന്‍ ഒബാമയ്ക്കു സാധിച്ചുവെന്ന് കരുതുന്നവര്‍ 64 ശതമാനമാണ്. അമേരിക്കയോട് അനുഭാവം പുലര്‍ത്തുന്ന യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങളിലും മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലും അമേരിക്കയുടെ പ്രതിച്ഛായക്ക് കാര്യമായ മങ്ങലേറ്റു. ഇതിനുമുമ്പ് ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്തുണ്ടായിരുന്ന വിശ്വാസത്തകര്‍ച്ച മെച്ചപ്പെട്ടത് ഒബാമ വൈറ്റ്ഹൗസിലെത്തിയതോടെയാണ്. ട്രംപിന്റെ നേതൃത്വപരാജയം അമേരിക്കയുമായുളള മറ്റു രാജ്യങ്ങളുടെ സാമ്പത്തികവും രാഷ്ടീയവുമായ ബന്ധം തകരുമെന്ന ആശങ്ക അമേരിക്കക്കാരിലും ആത്മവിശ്വാസം കുറച്ചിട്ടുണ്ടെന്നും പഠനം സുചിപ്പിക്കുന്നു. മെക്‌സിക്കോ മതില്‍ എന്ന അദ്ദേഹത്തിന്റെ ആശയത്തില്‍ 37 രാജ്യങ്ങളില്‍ 76 ശതമാനമാളുകള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. കാലാവസ്ഥ വ്യതിയാനത്തോടുളള അദ്ദേഹത്തിന്റെ സമീപനവും ലോകസമൂഹത്തെ അമ്പരപ്പിച്ചു. ആറു മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കുളള യാത്രാനുമതി നിഷേധിച്ചതും ലോകസമൂഹത്തിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി.
Next Story

RELATED STORIES

Share it