ഡോക്ടര്‍മാര്‍ മരിച്ചെന്ന്വിധിയെഴുതിയ നവജാത ശിശുവിനു ജീവന്‍

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മരിച്ചെന്നു പ്രഖ്യാപിച്ച നവജാത ശിശുവിനു പിന്നീട് ജീവനുണ്ടെന്ന് കണ്ടെത്തി. വ്യാഴാഴ്ച ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയിലാണു വര്‍ഷ എന്ന സ്ത്രീ ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. മാസം തികയാതെയായിരുന്നു പ്രസവം. രണ്ടു കുട്ടികളും മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പോളിത്തീന്‍ ബാഗിലാക്കിയാണ് മൃതദേഹങ്ങള്‍ രക്ഷിതാക്കള്‍ക്കു കൈമാറിയത്. സംസ്‌കരിക്കാന്‍ കൊണ്ടുപോവുമ്പോഴാണ് ഒരു കുട്ടിക്കു ജീവനുണ്ടെന്നു പിതാവ് കണ്ടെത്തിയത്. കുട്ടിയെ തൊട്ടടുത്ത നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചു. ആശുപത്രിക്കെതിരേ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ആറു മാസത്തെ വളര്‍ച്ചയെത്തിയപ്പോഴാണു പ്രസവം നടന്നത്. കുട്ടിയെ കൈമാറുമ്പോള്‍ ജീവന്റെ ലക്ഷണമൊന്നുമില്ലായിരുന്നുവെന്നു മാക്‌സ് ആശുപത്രി അധികൃതര്‍ പറഞ്ഞു. വിശദമായ അന്വേഷണം ആരംഭിച്ചെന്നും ബന്ധപ്പെട്ട ഡോക്ടറോട് അവധിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.അതേസമയം, വിഷയത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. . സംഭവം നിര്‍ഭാഗ്യകരമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ അറിയിച്ചു.
Next Story

RELATED STORIES

Share it