Flash News

ഡേ കെയറില്‍ പിഞ്ചു കുഞ്ഞിന് മര്‍ദനം; സ്ഥാപന നടത്തിപ്പുകാരിയെ അറസ്റ്റ് ചെയ്തു



കൊച്ചി: ഡേ കെയറില്‍ പിഞ്ചു കുഞ്ഞിന് മര്‍ദനം. സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയെ പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം പാലാരിവട്ടം പി ജെ ആന്റണി റോഡില്‍ പ്രശാന്തി ലൈനില്‍ കളിവീട് എന്ന പേരില്‍ ഡേ കെയര്‍ നടത്തുന്ന ആലുവ കോമ്പാറ നൊച്ചിമ ഇന്ദിരാ റോഡില്‍ താമസിക്കുന്ന കോട്ടയം സ്വദേശി മിനി മാത്യു(49)വിനെയാണ് പാലാരിവട്ടം പോലിസ് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയിലായിരുന്നു നടപടി. അഞ്ചുമനയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശിയുടെ ഒന്നര വയസ്സുള്ള മകനാണ് മര്‍ദനത്തിനിരയായത്. ഇവര്‍ കുട്ടിയെ അടിക്കുകയും നുള്ളുകയും ചീത്തവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ രക്ഷിതാക്കള്‍ ഡേ കെയറിനു മുന്നിലെത്തി ബഹളമുണ്ടാക്കി. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ച ശേഷം സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായ മിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കൊച്ചി മേയര്‍ സൗമിനി ജെയിനും സ്ഥലത്തെത്തി. സ്ഥാപനത്തില്‍ പരിശോധന നടത്തിയ ശേഷം പോലിസ് ഡേ കെയര്‍ അടച്ചുപൂട്ടി.  17 കുട്ടികളാണ് ഇന്നലെ ഡേ കെയറില്‍ ഉണ്ടായിരുന്നത്. ഇതില്‍ കൂടുതല്‍ കുട്ടികള്‍ സാധാരണ ഉണ്ടാവാറുള്ളതാണ്. ഇവിടെ കുട്ടികളെ മര്‍ദിക്കുന്നതായി നേരത്തേ മുതല്‍ ആരോപണമുള്ളതിനാല്‍ പലരും കുട്ടികളെ ഇവിടേക്ക് അയക്കാറില്ലായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പലപ്പോഴായി കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടതോടെ രക്ഷിതാവ് മിനിയോട് ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി ഇവര്‍ നല്‍കിയില്ല.  സംശയം തോന്നിയ രക്ഷിതാവ്  നടത്തിപ്പുകാരി കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇവിടത്തെ ആയയുടെ സഹായത്തോടെ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആയ മൂന്ന് ദിവസം മുമ്പ് ഇവിടെ നിന്നും പിരിഞ്ഞുപോവുകയും ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, ഇന്ത്യന്‍ ശിക്ഷാ നിയമം 323 വകുപ്പുകള്‍ ചുമത്തിയാണ് മിനി മാത്യുവിനെതിരേ കേസെടുത്തിരിക്കുന്നത്. അതേസമയം, കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അടിയന്തര റിപോര്‍ട്ട് തേടി. എറണാകുളം ജില്ലാകലക്ടര്‍, സിറ്റി പോലിസ് മേധാവി, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവരോടാണ് കമ്മീഷന്‍ റിപോര്‍ട്ട്് ആവശ്യപ്പെട്ടിരിക്കുന്നത്. പത്തുദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ഡേ കെയറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സ്ഥാപനത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലിസ് തടഞ്ഞതോടെ ഇവര്‍ സ്ഥാപനത്തിന്റെ ബോര്‍ഡുകളും മറ്റും തല്ലിത്തകര്‍ത്തു.തുടര്‍ന്ന് പോലിസ് ഇടപെട്ട് ഇവരെ പിരിച്ചുവിടുകയായിരുന്നു. ഡേ കെയര്‍ നടത്താന്‍ ആവശ്യമായ ലൈസന്‍സ് മിനി മാത്യുവിന് ഉണ്ടോയെന്നത് സംബന്ധിച്ച് പരിശോധന നടത്തിവരുകയാണെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്ഥലത്തെത്തിയ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. വീടുപോല തന്നെ കുട്ടികളെ പരിചരിക്കേണ്ട സ്ഥലമാണ് ഡേ കെയറുകള്‍. അവിടങ്ങളില്‍ കുട്ടികള്‍ ഇത്തരത്തില്‍ പീഡനം നേരിടുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലെന്നും മേയര്‍ പറഞ്ഞു. കൊച്ചി കോര്‍പറേഷന്റെ പരിധിയില്‍വരുന്ന ഡേ കെയറുകളില്‍ പരിശോധന നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it