kannur local

ഡെങ്കിപ്പനി: തൊഴിലാളി ക്യാംപുകളില്‍ സംയുക്ത പരിശോധന



കണ്ണൂര്‍: മട്ടന്നൂരില്‍ ഡെങ്കിപ്പനി പടരാനുണ്ടായ കാരണം ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപിലെ വൃത്തിഹീനമായ സാഹചര്യങ്ങളാണെന്നു കണ്ടെത്തിയ പശ്ചാത്തലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മഴക്കാല പൂര്‍വ ശുചീകരണം സംബന്ധിച്ച യോഗത്തില്‍ തീരുമാനം. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മറ്റ് വകുപ്പുകളുമായി സഹകരിച്ച് ഇവരുടെ താമസ സ്ഥലങ്ങളില്‍ സംയുക്ത പരിശോധന നടത്തും. പല താമസ സ്ഥലങ്ങളിലും ഉള്‍ക്കൊള്ളാനാവുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ താമസിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലാവട്ടെ ആവശ്യത്തിന് ശുചിമുറികളോ മറ്റ് ശുചീകരണ സംവിധാനങ്ങളോ ഇല്ല. ഈ രീതിയില്‍ താമസസ്ഥലം വാടകയ്ക്ക് നല്‍കുന്ന കെട്ടിട ഉടമകള്‍ക്കും കരാറുകാര്‍ക്കുമെതിരേ നടപടിയെടുക്കും. ചിലയിടങ്ങളില്‍ മനുഷ്യവിസര്‍ജ്യങ്ങളടക്കമുള്ള മാലിന്യങ്ങള്‍ പുഴയിലൊഴുക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം കേസുകളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. മട്ടന്നൂരിലെ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാണെന്നും ജില്ലയിലെ പ്രമുഖ ആശുപത്രികളിലെല്ലാം ആവശ്യമായ മരുന്നുകളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡിഎംഒ ഡോ. എം കെ ഷാജ് പറഞ്ഞു. കണ്ണൂര്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലെ വൃത്തിഹീനമായ സാഹചര്യമാണ് ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണം. ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. കോര്‍പറേഷന്‍ പരിധിയില്‍ മൂന്നുപേര്‍ക്കാണ് ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തത്.
Next Story

RELATED STORIES

Share it