kannur local

ഡിവൈഡറുകളില്‍ റിഫഌക്റ്റര്‍ ഇല്ല; അപകടം പതിവായി

കണ്ണൂര്‍: ദേശീയപാതയില്‍ കണ്ണൂരിനും പുതിയതെരുവിനും ഇടയില്‍ അശാസ്ത്രീയമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് ഡിവൈഡര്‍ അപകടം ക്ഷണിച്ചുവരുത്തുന്നു.  ഡിവൈഡറിലിടിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിട്ടും  ഇവിടെ ആവശ്യമായ റിഫഌക്റ്ററോടു കൂടിയ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടിയില്ല. റോഡ് സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ചാണ് പുതിയതെരു മുതല്‍ മാഹി പാലം വരെയുള്ള റോഡുകള്‍ നവീകരിച്ച് 2016ല്‍ ഡിവൈഡര്‍ നിര്‍മിച്ചത്.
എന്നാല്‍, പ്രധാന കേന്ദ്രങ്ങളില്‍ റിഫഌക്റ്ററോ സിഗ്‌നല്‍ സംവിധാനമോ ഒരുക്കിയിട്ടില്ല. രാത്രി വഴിവിളക്കുകള്‍ കണ്ണടച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് ഡിവൈഡറുകള്‍ കാണാന്‍ കഴിയില്ല. ഇതാണ് അപകടം പെരുകാന്‍ കാരണം. അടുത്തെത്തുമ്പോള്‍ ആയിരിക്കും ഡിവൈഡര്‍ ഡൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുക. അപ്പോഴേക്കും വാഹനം നിയന്ത്രണംവിട്ട് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചുകയറിയിട്ടുണ്ടായിരിക്കും. തളിപ്പറമ്പ് ഭാഗത്തേക്ക് പോവുന്ന റോഡില്‍ കാല്‍ടെക്‌സ് ട്രാഫിക് സര്‍ക്കിള്‍ കഴിഞ്ഞ് തെക്കിബസാര്‍ മുതലാണ് ഡിവൈഡറുകള്‍ ആരംഭിക്കുന്നത്. ഇവിടെ രണ്ടിടത്തും സിഗ്‌നല്‍ ഇല്ല. പിന്നീടങ്ങോട്ട് പുതിയതെരു വരെ ഡിവൈഡറുകളുടെ നീണ്ട നിരയാണ്. ഏതാനും സ്ഥലങ്ങളില്‍ കമ്പിയില്‍ ഘടിപ്പിച്ച റിഫഌക്റ്ററുകള്‍ ഉണ്ടെങ്കിലും മറ്റിടങ്ങളിലെല്ലാം വാഹനമിടിച്ചു തകര്‍ന്നുകിടക്കുകയാണ്.  വീതിയില്ലാത്ത സ്ഥലങ്ങളില്‍ ഡിവൈഡര്‍ സ്ഥാപിച്ചതു കാരണം ഗതാഗതക്കുരുക്കും വര്‍ധിച്ചു.
പുതിയതെരു ടൗണില്‍ ഡിവൈഡര്‍ നിര്‍മിച്ചതിനു ശേഷം ഗതാഗതക്കുരുക്ക് അനിയന്ത്രിതമായ രീതിയില്‍ കൂടി. താഴെചൊവ്വ മുതല്‍ കാല്‍ടെക്‌സ് വരെയുള്ള റോഡിന്റെ കാര്യവും ഇതുതന്നെ. നഗരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ ഇടുങ്ങിയ റോഡായതിനാല്‍ ഡിവൈഡറുകളില്‍ തട്ടുമോയെന്ന  ആശങ്കയിലാണ് വാഹന ഡ്രൈവര്‍മാര്‍. മഴക്കാലത്തിനു മുമ്പേ റോഡപകടങ്ങള്‍ കുറക്കാന്‍ അധികൃതര്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ അപകടക്കെണിയൊരുക്കുന്ന ഡിവൈഡറുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടായില്ല.
Next Story

RELATED STORIES

Share it