ഡിവൈഎഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ഇന്നലെയും സംഘര്‍ഷം. പോലിസും സമരക്കാരും ഒന്നര മണിക്കൂര്‍ നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ നഗരം യുദ്ധഭൂമിയായി. കണ്ണീര്‍ വാതകവും ഗ്രനേഡും ലാത്തിയും ജലപീരങ്കിയുമായി പോലിസ് സമരക്കാരെ നേരിട്ടപ്പോള്‍ പെട്രോള്‍ ബോംബും കല്ലും വടിയുമായി സമരക്കാര്‍ പോലിസിനെ നേരിട്ടു. പേരൂര്‍ക്കട സിഐ സുരേഷ് ബാബു, ഡിവൈഎഫ്‌ഐ നേതാക്കളായ എം സ്വരാജ്, പി ബിജു, എ എ റഹീം, ബിനു ഐ പി, വി വിനീത് ഉള്‍പ്പെടെ 35 പേര്‍ക്കു പരിക്കേറ്റു. കല്ലേറില്‍ ഗുരുതരമായി പരിക്കറ്റ സുരേഷ് ബാബുവിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ രണ്ടു ചാനല്‍ കാമറാമാന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മാതൃഭൂമി ന്യൂസിലെ അരുണ്‍, ജീവന്‍ ടിവിയിലെ എംപി കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഉച്ചയ്ക്ക് 12.15നാണ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു ഡിവൈഎഫ്‌ഐ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിലെ മുന്‍നിര നോര്‍ത്ത് ഗേറ്റിന് മുമ്പിലെത്തിയപ്പോള്‍ തന്നെ പിന്‍നിരയില്‍ നിന്നും പ്രവര്‍ത്തകര്‍ കല്ലേറ് ആരംഭിച്ചു. ഇതോടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച നേതാക്കളെ ആക്രമിച്ചതോടെ സമരക്കാരും പോലിസും നേര്‍ക്കുനേര്‍ ആക്രമണം ആരംഭിച്ചു. കൂട്ടമായെത്തിയ പ്രവര്‍ത്തകര്‍ പോലിസിനെ കല്ലെറിഞ്ഞു. പത്തോളം പെട്രോള്‍ ബോംബുകളാണ് സമരക്കാര്‍ പോലിസിന് നേരെ പ്രയോഗിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വി ശിവന്‍കുട്ടി എംഎല്‍എ എന്നിവരെത്തി പ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഒന്നരയോടെ ഇപി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് പ്രവര്‍ത്തകരെ അക്രമത്തില്‍നിന്നു പിന്തിരിപ്പിച്ചത്. പോലിസ് നടപടിയില്‍ പ്രതിഷേധിച്ചും അഴിമതി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് കരിദിനമായി ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടിവി രാജേഷ് പറഞ്ഞു.
Next Story

RELATED STORIES

Share it