Flash News

ഡിജിപി നിയമനത്തിലെ പിണറായിയുടെ താല്‍പര്യം സംഘപരിവാര അജണ്ട നടപ്പാക്കാനെന്ന് എസ്ഡിപിഐ



കോഴിക്കോട്: സംസ്ഥാന പോലിസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയേക്കാള്‍ സംഘപരിവാര അജണ്ട നടപ്പാക്കാനാണ് പിണറായി വിജയന്റെ താല്‍പര്യമെന്ന് എസ്ഡിപിഐ. രാജ്യത്ത് നീതിയുക്തമായ ഭരണസംവിധാനം നടപ്പാവുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സുപ്രിംകോടതിക്കുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് മേധാവി നിയമനത്തില്‍ സുപ്രിംകോടതി ഇടപെട്ടത്. എന്നാല്‍, പിണറായി വിജയന്‍ ആര്‍എസ്എസിന്റെ പിണിയാളായി, മുഖ്യമന്ത്രിപദവിക്ക് നിരക്കാത്തവിധം ഉപജാപക-ഉപദേശകവൃന്ദത്തിന്റെ ഒത്താശയോടെ പരമോന്നത കോടതിയെ വെല്ലുവിളിക്കുകയാണ്്. ഇത് ജനാധിപത്യ അരാജകത്വമാണെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഫാഷിസ്റ്റ്-ഏകാധിപത്യ നിലപാടിലേക്കാണ് പിണറായി നീങ്ങിക്കൊണ്ടിരിക്കുന്നത്. സംഘപരിവാരവുമായി ധാരണയുണ്ടെന്ന് തോന്നുംവിധമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. സെന്‍കുമാറിന് അനുകൂലമായ കോടതിവിധി നടപ്പാക്കുന്നതില്‍ അമാന്തം കാണിക്കുന്നത് അതിന്റെ ഭാഗമാണെന്നു സംശയിക്കണം. നീതിക്കുവേണ്ടി നിലകൊള്ളുകയാണ് എസ്ഡിപിഐയുടെ ലക്ഷ്യം. അതുകൊണ്ടാണ് പരമോന്നത കോടതി വിധി നടപ്പാക്കണമെന്ന ആവശ്യം പാര്‍ട്ടി ഉന്നയിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ആര്‍എസ്എസിന്റെ ഗൂഢനീക്കങ്ങള്‍ക്ക് സംസ്ഥാന മുഖ്യമന്ത്രി തന്നെ വിനീതവിധേയനായിത്തീരുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, സംസ്ഥാന സെക്രേട്ടറിയറ്റംഗം പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ സുഹറാബി, സംസ്ഥാനസമിതിയംഗം കെ ലസിത ടീച്ചര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it