Flash News

ഡിജിപി ടി പി സെന്‍കുമാറിന്റെ ഉത്തരവ് നടപ്പാക്കാതെ ജൂനിയര്‍ സൂപ്രണ്ട്



തിരുവനന്തപുരം: പോലിസിലെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് വിവരാവകാശത്തിന്റെ പരിധിയില്‍ വരുമെന്ന ഡിജിപി ടി പി സെന്‍കുമാറിന്റെ ഉത്തരവ് നടപ്പാക്കാതെ ജൂനിയര്‍ സൂപ്രണ്ട്. ടി ബ്രാഞ്ചില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആഭ്യന്തര വിജിലന്‍സ് സംവിധാനത്തെ സംബന്ധിച്ച് ആരാഞ്ഞ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന മറുപടിയാണ് ജൂനിയര്‍ സൂപ്രണ്ട് ബീനാകുമാരി നല്‍കിയത്. കഴിഞ്ഞ 27നാണ് ഡിജിപി ടി പി സെന്‍കുമാര്‍ ടി ബ്രാഞ്ചിലെ വിവരങ്ങളും വിവരാവകാശത്തിന്റെ പരിധിയില്‍ വരുമെന്നും ഇതു പാലിച്ചില്ലെങ്കില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍, ഉത്തരവ് പുറത്തിറക്കി 11ാം ദിവസം തന്നെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ടി പി സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേറ്റ ഉടനെ സെക്ഷനില്‍ നിന്ന് ഇതേ ബീനാകുമാരിയെ സ്ഥലംമാറ്റിയിരുന്നു. ഇതു വിവാദമാവുകയും സര്‍ക്കാര്‍ ഇടപെട്ട് സ്ഥലംമാറ്റം മരവിപ്പിക്കുകയുമായിരുന്നു. ഇതേ ഉദ്യോഗസ്ഥ തന്നെ ഇപ്പോള്‍ ഡിജിപിയുടെ ഉത്തരവിനെ മറികടന്നു പ്രവര്‍ത്തിച്ചിരിക്കുകയാണ്. ഇതോടെ പോലിസ് ആസ്ഥാനത്ത് നേരത്തെത്തന്നെ ഉരുണ്ടുകൂടിയ അസ്വസ്ഥതകള്‍ പുതിയ തലത്തിലെത്തിയിരിക്കുകയാണ്. ടി ബ്രാഞ്ചിനെ വിവരാവകാശ പരിധിയില്‍ പെടുത്തിയ ഡിജിപിയുടെ നിര്‍ദേശം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമവിരുദ്ധമാണെന്ന് നേരത്തെത്തന്നെ ഒരു വിഭാഗം ഉേദ്യാഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ ടി പി സെന്‍കുമാറിന്റെ ഉത്തരവിനെതിരേ സര്‍ക്കാരും വിശദീകരണം തേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it