Flash News

ഡല്‍ഹി ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരവുമായി മന്ത്രിമാര്‍

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരേ കുത്തിയിരിപ്പ് സമരവും അനിശ്ചിതകാല നിരാഹാര സമരവുമായി എഎപി മന്ത്രിമാര്‍. ലഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗികവസതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റു മന്ത്രിമാരും കുത്തിയിരിപ്പ് സമരം നടത്തി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദ്ര ജയിന്‍, ഗോപാല്‍ റായ് എന്നിവരാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ വസതിയിലെ കാത്തിരിപ്പു മുറിയില്‍ പ്രതിഷേധിച്ചത്.
തിങ്കളാഴ്ച രാത്രിയോടെയാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെ ഡല്‍ഹി മന്ത്രിഭയിലെ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഐഎഎസ് ഓഫിസര്‍മാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുക, അവര്‍ക്കെതിരേ നടപടി സ്വീകരിക്കുക, റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എഎപി മന്ത്രിമാരുടെ സമരം.
ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം ലഫ്റ്റനന്റ് ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ ഗവര്‍ണര്‍ അംഗീകരിച്ച് ഒപ്പുവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഇതാദ്യമായാണ് ഡല്‍ഹി മുഖ്യമന്ത്രിയും മന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ഒരു രാത്രി മുഴുവന്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. സമരം തുടരുകയാണെന്ന് കെജ്‌രിവാള്‍ അറിയിച്ചു.
ഇന്നെങ്കിലും താങ്കളെ കാണാന്‍ പറ്റുമോ എന്ന് ലഫ്റ്റനന്റ് ഗവര്‍ണറെ ടാഗ് ചെയ്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ രാവിലെ 6.12ന് ട്വീറ്റ് ചെയ്ത സന്ദേശത്തില്‍ ചോദിച്ചു. “ഗുഡ്‌മോണിങ് സര്‍. ഇന്നലെ വൈകീട്ട് മുതല്‍ ഞങ്ങള്‍ ഇവിടെയുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും അങ്ങയുടെ ഓഫിസിലെ സോഫയിലാണു കിടന്നുറങ്ങിയത്. തിരക്കേറിയ പരിപാടികള്‍ക്കിടയില്‍ ഇന്നെങ്കിലും കൂടിക്കാഴ്ച നടത്താനാവുമോ?’ എന്നായിരുന്നു സിസോദിയയുടെ ട്വീറ്റ്. പ്രശ്‌നപരിഹാര ചര്‍ച്ചയ്ക്കിടയില്‍ കെജ്‌രിവാളും എഎപി എംഎല്‍എമാരും ഭീഷണിപ്പെടുത്തിയതായി ലഫ്. ഗവര്‍ണറുടെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.
കുത്തിയിരിപ്പു സമരത്തെ ബിജെപി വിമര്‍ശിച്ചു. കെജ്‌രിവാള്‍ ജനാധിപത്യത്തെ പരിഹസിക്കുകയാണെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. മുഖ്യമന്ത്രി ചുമതലകള്‍ നിര്‍വഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത ആരോപിച്ചു.
Next Story

RELATED STORIES

Share it