Editorial

ഡല്‍ഹിയില്‍ നടന്നത് ഫാഷിസ്റ്റ് അതിക്രമം



ഡല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ കടന്നുകയറി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കാന്‍ ഭാരതീയ ഹിന്ദുസേന നടത്തിയ ശ്രമം അങ്ങേയറ്റം അപലപനീയമാണ്. ഹിന്ദുത്വ ഫാഷിസം അതിന്റെ വൃത്തികെട്ട കോമ്പല്ലുകള്‍ ഓരോന്നും പുറത്തുകാട്ടിത്തുടങ്ങിയതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി വേണം ഈ സംഭവത്തെ കാണാന്‍. സിപിഎം നേതാക്കള്‍ സൈന്യത്തെ അവഹേളിച്ചതിനുള്ള പ്രതികാരമെന്നാണ് സംഘപരിവാര കേന്ദ്രങ്ങള്‍ അക്രമത്തിനു ന്യായമായി പറയുന്നത്. വിയോജിപ്പുകളും വിമര്‍ശനങ്ങളും ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. ജനാധിപത്യം സാര്‍ഥകമാവുന്നതുതന്നെ വിയോജിക്കാനുള്ള അവകാശം നിലനില്‍ക്കുമ്പോഴാണ്. എന്നാല്‍, ഒരുതരത്തിലുള്ള വിമതശബ്ദവും അനുവദിക്കില്ലെന്ന ഫാഷിസ്റ്റുകളുടെ ധാര്‍ഷ്ട്യമാണ് യെച്ചൂരിക്കെതിരായ ആക്രമണത്തിനു പിന്നില്‍. എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും എതിരായ ആക്രമണ പരമ്പരകള്‍ക്ക് രാജ്യം സാക്ഷ്യംവഹിച്ച ഈ കെട്ടകാലത്ത് ഹിന്ദുത്വ ഫാഷിസത്തെ എക്കാലത്തും ശക്തമായി എതിര്‍ത്തുപോന്ന യെച്ചൂരിക്കു നേരെയുണ്ടായ അക്രമം അതുകൊണ്ടുതന്നെ അദ്ഭുതമുളവാക്കുന്ന ഒന്നല്ല. അധികാരത്തില്‍ ഇരുന്നും തങ്ങളുടെ ഉള്ളിലെ അളിഞ്ഞ ശീലങ്ങള്‍ പുറത്തെടുക്കുകയാണ് അവര്‍. സ്വയം കല്‍പിച്ചുണ്ടാക്കിയ ഭ്രമാത്മക ലോകത്തിരുന്ന്, തങ്ങള്‍ ആരെയൊക്കെയോ തോല്‍പിച്ചുകൊണ്ടിരിക്കുകയാണെന്നു ഫാഷിസം ആനന്ദം കൊള്ളുകയാണ്. പക്ഷേ, ഇവിടെ തോറ്റുകൊണ്ടിരിക്കുന്നത് ഇന്ത്യാ മഹാരാജ്യമാണെന്നു തിരിച്ചറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇനിയും എത്ര കാലം വേണ്ടിവരും? ജനമനസ്സുകളില്‍ വെറുപ്പും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് തങ്ങളുടെ ആധിപത്യത്തിന്റെ അടിത്തറ കൂടുതല്‍ ഭദ്രമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്, ഭരണകൂടത്തിന്റെ നിയമബാഹ്യമായ പരിരക്ഷയുള്ള അക്രമിസംഘങ്ങള്‍ രാജ്യത്തിന്റെ തെരുവുകള്‍ കൈയടക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദുത്വവേഷം അണിഞ്ഞാല്‍ ഏതു നീര്‍ക്കോലിക്കും രാജ്യത്ത് ഇപ്പോള്‍ ഫണം വിടര്‍ത്തി ആടാമെന്നായിരിക്കുന്നു. യഥാര്‍ഥത്തില്‍ രാജ്യം ഇപ്പോള്‍ നേരിടുന്നത് വലിയൊരു സാംസ്‌കാരിക പ്രതിസന്ധിയാണ്. രാജ്യത്തിന്റേതെന്നു നാം അഭിമാനപൂര്‍വം കരുതിപ്പോന്ന മൂല്യങ്ങളും കാത്തുപോന്ന സ്വപ്‌നങ്ങളും കശക്കിയെറിയപ്പെടുന്നത് അവിശ്വസനീയമായ നിസ്സഹായതയോടെയാണ് ജനങ്ങള്‍ നോക്കിനില്‍ക്കുന്നത്. പ്രതിസന്ധിയുടെ ആഴം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുമ്പോഴും അതിന്റെ അപകടം വേണ്ട വിധം തിരിച്ചറിയുന്നതില്‍ സിപിഎം അടക്കമുള്ള രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പരാജയപ്പെടുകയാണ്. ഫാഷിസവുമായി രാജിയാവാനുള്ള പഴുതുകള്‍ ചികയുകയാണ് പലരും. താല്‍ക്കാലിക രാഷ്ട്രീയനേട്ടങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള നിലപാടുകള്‍ സ്വീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ നിന്നു രാജ്യം പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it