ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം; ഡല്‍ഹി നിരത്തുകളില്‍ ഇനി സിഎന്‍ജി ടാക്‌സികള്‍ മാത്രം

ന്യൂഡല്‍ഹി: അന്തരീക്ഷമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. തലസ്ഥാനത്ത് 2000 സിസിക്ക് മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് സുപ്രിംകോടതി ഇന്നലെ വ്യക്തമാക്കി. മലിനീകരണ നിയന്ത്രണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനു വേണ്ടത്ര ഗൗരവമില്ലെന്നും ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത ഹരജികള്‍ പരിഗണിക്കവേ കോടതി ഇന്നലെ നിരീക്ഷിച്ചു.
കൂടാതെ, സ്വകാര്യ ഡീസല്‍-പെട്രോള്‍ ടാക്‌സികള്‍ക്ക് സിഎന്‍ജിയിലേക്കു മാറാന്‍ ഇന്നലെ വരെ നല്‍കിയ സമയപരിധി നീട്ടാനും കോടതി വിസമ്മതിച്ചു. ഇതോടെ ഇന്നു മുതല്‍ പെട്രോള്‍-ഡീസല്‍ ടാക്‌സികള്‍ നിരത്തിലിറക്കുന്നത് ഡല്‍ഹിയില്‍ നിയമവിരുദ്ധമാവും. എന്നാല്‍, അഖിലേന്ത്യാ പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ഇത് ബാധകമല്ല.
ഏതാനും ടാക്‌സി ജീവനക്കാരും അവരുടെ സംഘടനകളും ഈ സമയപരിധി നീട്ടി നല്‍കണമെന്നു കോടതിയോട് ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അംഗീകരിച്ചില്ല. നേരത്തേ മാര്‍ച്ച് 1നായിരുന്നു തലസ്ഥാനത്തെ ടാക്‌സികള്‍ക്ക് സിഎന്‍ജിയിലേക്കു മാറാന്‍ നല്‍കിയ സമയപരിധി. പിന്നീട് ഇത് മാര്‍ച്ച് 31 ആയി നീട്ടി നല്‍കി.
തുടര്‍ന്ന് വീണ്ടും ഏപ്രില്‍ 30 വരെ നീട്ടി നല്‍കിയതിനു ശേഷമാണ് ഇനി സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it