malappuram local

ഡയറിഫാം തട്ടിപ്പ്: മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു

അരീക്കോട്:  ഡയറിഫാമിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ മുങ്ങിയ പ്രതിയെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാടില്‍ ഡയറി ഫാം നടത്തുന്നതിന്റെ പേരില്‍ വിവിധ ജില്ലകളില്‍ ശാഖകള്‍ സ്ഥാപിച്ച് പലരില്‍ നിന്നായി പണം സ്വരൂപിച്ച് മുങ്ങിയ കേസില്‍ ഊര്‍ങ്ങാട്ടീരി വെറ്റിലപ്പാറ കാരിപറമ്പന്‍ ജയരാജന്‍ (38)നെയാണ് അറസ്റ്റ് ചെയ്തത്. അരീക്കോട് കേന്ദ്രീകരിച്ച് വിജെഎല്‍ ഡയറീസ് എല്‍എല്‍പി എന്ന സ്ഥാപനം 2010 മുതല്‍ പ്രവര്‍ത്തിച്ചിരുന്നു. വനിതകളെ വിവിധ മേഖലഖളില്‍ ഏജന്റുകളാക്കി 2013വരെ ഇടപാടുകാരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പെട്ടെന്ന് നിര്‍ത്തലാകക്കുകയും കലക്ഷനായി ലഭിച്ച കോടികണക്കിന് രൂപയുമായി മുങ്ങിയതിനെ തുടര്‍ന്ന് ഇടപാടുകാര്‍ പോലീസില്‍ പരാതിപെട്ടിരുന്നു. നാലു വര്‍ഷമായി തമിഴ്‌നാട്ടിലും കേരളത്തിലുമായി വിവിധ ഭാഗങ്ങളില്‍ മുങ്ങി നടക്കുകയായിരുന്നു. വിവിധയിടങ്ങളില്‍ നിന്നായി കോടികളാണ് ഇദ്ദേഹം തട്ടിയെടുത്തത്. കോഴിക്കോട് സാമ്പത്തിക കുറ്റാണ്വേഷണ വിഭാഗമാണ് കേസില്‍ അന്വേഷണം നടത്തിയിരുന്നത്. തമിഴ്‌നാട്ടില്‍ ഇയാള്‍ക്ക് ലൂക്ക് ഔട്ട് നോട്ടീസ് പോലീസ് പുറപ്പെടിവിച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ജയരാജനെതിരെ 40 കേസുകള്‍ ഉണ്ട്. അരീക്കോട് സ്റ്റേഷനില്‍ മാത്രം 16 കേസുകളുണ്ട്. ഇയാള്‍ പിടിയിലായതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്‌ഐ സിനോജ് അറിയിച്ചു. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശ പ്രകാരം അരീക്കോട് എസ്‌ഐക്ക് പുറമെ എഎസ് ഐ വിജയന്‍, എസ്പിഒ മനോജ് കുമാര്‍, വേലായുധന്‍, സിയാദ്, പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സജീവ് സലീം എന്നിവരടങ്ങുന്ന സംഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Next Story

RELATED STORIES

Share it