thiruvananthapuram local

ട്വന്റി 20 ക്രിക്കറ്റിന് മികച്ച സുരക്ഷ ഒരുക്കിയ പോലിസിനെ അഭിനന്ദിച്ച് ഡിജിപി



തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന പ്രഥമ ട്വന്റി20 ക്രിക്കറ്റ് മല്‍സരത്തിലെ സുരക്ഷാവിജയം കേരള പോലിസിന് ഒരു പൊന്‍തുവല്‍ കൂടിയായി. മഴയിലും കാണികളുടെ ആവേശം അണയ്ക്കാതെ സുരക്ഷ ഒരുക്കിയ കേരള പോലിസിന്റെ സുരക്ഷാ സേവനത്തിന് ബിസിസിഐ അധികൃതര്‍ സംതൃപ്തി അറിയിച്ചു. തുടര്‍ന്ന് മല്‍സരത്തിന് സുരക്ഷയൊരുക്കിയ മുഴുവന്‍ പോലിസുകാര്‍ക്കും പോലീസ് ചീഫ് ലോക് നാഥ് ബഹ്‌റ അഭിനന്ദനം അറിയിച്ച കത്ത് നല്‍കി.തിരുവനന്തപുരം മേഖല ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പഴുതടച്ച സുരക്ഷ ഒരുക്കിയത്.  മഴ കാരണം കാണികളുടെ ആവേശം തടയാന്‍ ശ്രമിക്കരുതെന്ന് ഐജി ആദ്യമേ  നിര്‍ദേശം നല്‍കിയിരുന്നു.  കാണികളുടെ ആവേശം കുറക്കാതെ മഴ കാരണമായുള്ള അസൗകര്യങ്ങളും നിയന്ത്രിക്കുക എന്നത് പൊലിസിന് മുന്നിലെ വെല്ലുവിളി ആയിരുന്നുവെന്നും ഐജി പറഞ്ഞു.  തിരക്ക് നിയന്ത്രിക്കുന്നതോടൊപ്പം ഗതാഗത നിയന്ത്രണത്തിലും പൊലിസ് സാമര്‍ഥ്യം കാട്ടി. വാഹന പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലം നേരത്തെകണ്ടെത്തിയിരുന്നു. ടൂ വീലര്‍ വാഹനങ്ങളെയാണ് കൂടുതല്‍ പ്രതീക്ഷിച്ചിരുന്നത്. മഴ കാരണം കൂടുതല്‍ പേര്‍ കാറുകളില്‍ എത്തിയപ്പോള്‍ പാര്‍ക്കിങ്ങിനെ ബാധിച്ചെങ്കിലും പൊലിസ് പെട്ടെന്ന് തന്നെ പാര്‍ക്കിങ് സംവിധാനം മാറ്റി കൂടുതല്‍ പേര്‍ക്ക് സൗകര്യം ഒരുക്കി. കോവളം ഹോട്ടല്‍ മുതല്‍ സ്‌റ്റേഡിയം വരെയും സ്‌റ്റേഡിയത്തിലെ സുരക്ഷയും പൊലിസിന്റ കീഴിലായിരുന്നു. ഇതിനായി ഐജിക്ക് കീഴില്‍ 7 എസ്പിമാര്‍, 28 ഡിവൈഎസ്പിമാര്‍, 46 സിഐ, 380 എസ്‌ഐ ഉള്‍പ്പെടെ 2500 പൊലിസുകാരാണ് സുരക്ഷക്കെത്തിയത്.
Next Story

RELATED STORIES

Share it