kozhikode local

ട്രോളിങ് നിരോധനം 9ന് അര്‍ധരാത്രി മുതല്‍

കോഴിക്കോട്: ഈ വര്‍ഷത്തെ മണ്‍സുണ്‍കാല ട്രോളിങ് നിരോധനം ഒമ്പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയുള്ള 52 ദിവസം കേരള തീരക്കടലില്‍ (കരയില്‍ നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ അല്ലെങ്കില്‍ 22 കിമി വരെ) നടപ്പിലാക്കുന്നതാണെന്ന് നോഡല്‍ ഓഫീസറായ ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു. 1988 മുതല്‍ കഴിഞ്ഞ 30 വര്‍ഷമായി കേരള തീരക്കടലില്‍ മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം നടപ്പിലാക്കിവരികയാണ്. ഭൂരിപക്ഷം മല്‍സ്യങ്ങളുടേയും പ്രജനനകാലയളവായ മണ്‍സൂണ്‍കാലത്ത് ട്രോളിങ് മല്‍സ്യബന്ധനം നടത്തുന്നത് വഴി മല്‍സ്യങ്ങളുടെ മുട്ടയും ചെറു മല്‍സ്യങ്ങളും നശിക്കുന്നതായും ഇത് കടല്‍ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതായും വിവിധ വിദഗ്ധസമിതികളുടെ പഠന റിപോര്‍ട്ട് അഭിപ്രായപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മല്‍സ്യസമ്പത്ത് സംരക്ഷിക്കുക, കടലില്‍ മല്‍സ്യബന്ധന നിയന്ത്രണനിയമം നടപ്പിലാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ 1980 ലെ കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 4 പ്രകാരം സര്‍ക്കാര്‍ ട്രോളിങ് നിരോധനം നടപ്പിലാക്കിവരുന്നത്. നിരോധനത്തിന്റെ ഫലമായി കടല്‍ മല്‍സ്യോല്‍പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുള്ളതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് ജില്ലയില്‍ 1006 യന്ത്രവത്കൃത മല്‍സ്യബന്ധന ബോട്ടുകളും 249 ഇന്‍ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങളും 3792 ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങളും 182 എഞ്ചിന്‍ ഘടിപ്പിക്കാത്ത വള്ളങ്ങളും അടക്കം ആകെ 5229 യാനങ്ങള്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ അന്യജില്ലകളില്‍ നിന്നും 600 ഓളം ബോട്ടുകള്‍ ജില്ലയിലെ തീരക്കടലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാല് പ്രധാന ഫിഷിംഗ് ഹാര്‍ബറുകളാണ് കോഴിക്കോട് ജില്ലയിലുള്ളത്. ഏകദേശം 27500 തൊഴിലാളികള്‍ പ്രത്യക്ഷമായി ജില്ലയില്‍ മല്‍സ്യബന്ധന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവരുന്നു. മല്‍സ്യബന്ധനബോട്ടുകള്‍ ട്രോളിങ് നിരോധനകാലയളവില്‍ മല്‍സ്യബന്ധനം നടത്തുവാന്‍ പാടില്ല. എന്നാല്‍ മറ്റു വിഭാഗത്തില്‍പ്പെട്ട യാനങ്ങള്‍ക്ക് ട്രോളിങ് ഒഴികെയുളള മല്‍സ്യബന്ധനരീതികള്‍ അനുവര്‍ത്തിക്കാം.
ഈ വര്‍ഷം ഫീഷറീസ് വകുപ്പ് കടല്‍ പട്രോളിങിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും മെയ് 15 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ ആരംഭിച്ചിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിലേക്ക് 3 ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. 3 ബോട്ടുകളില്‍ ഓരോന്നും ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നീ ബേസുകളില്‍ കേന്ദ്രീകരിച്ചും ഫൈബര്‍ വള്ളം ചോമ്പാല്‍ ബേസ് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കും.
ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും സഹകരണവും ഏകോപനവും ഉണ്ടാകും. കടല്‍ പട്രോളിങിനും രക്ഷാ ദൗത്യങ്ങള്‍ക്കുമായി ഫിഷറീസ് വകുപ്പ്, പോര്‍ട്ട് വകുപ്പ്, നേവി, കോസ്റ്റ്ഗര്‍ഡ്, തീരദേശ പോലിസ് എന്നീ വകുപ്പുകള്‍ തദ്ദേശിയ മല്‍സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇതരസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ 9 ന് മുമ്പേ കേരളം തീരം വീട്ട് പോകേണ്ടതാണ്. 9 ന് ശേഷം ഒരു കാരണവശാലും ഇവയെ കടലില്‍ ഇറങ്ങാന്‍ അനുവദിക്കുന്നതല്ല.
ഇതു സംബന്ധിച്ച അറിയിപ്പ് മംഗലാപുരം, കന്യാകുമാരി ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കും. ട്രോളിങ് നിരോധന കാലയളവില്‍ കടലോരങ്ങളിലെ ക്രമസമാധനം നില നിര്‍ത്തുന്നതിന് പോലിസ് വകുപ്പ് നടപടി സ്വീകരിക്കും. ട്രോളിങ് നിരോധന കാലത്ത് ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുന്നത് നിരോധിച്ചിട്ടുണ്ട്. പരമ്പരാഗത യാനങ്ങള്‍ക്ക് മാത്രം ഡീസല്‍ അനുവദിക്കും. ഫിഷിങ് ഹാര്‍ബറുകളിലും ലാന്റിങ് സെന്ററുകളിലും തീരദേശ പോലിസ,് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ് പട്രോളിങ് നടത്തുന്നതിനും നിയമലംഘനം ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കുന്നതിനും നിരോധനം നടപ്പിലാക്കുന്നതിനും അധികമായി പോലിസ് സേനാംഗങ്ങളെ ആവശ്യമാകുന്ന പക്ഷം വിന്യസിക്കും. ട്രോളിങ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഹാര്‍ബറിലെ അനുബന്ധതൊഴിലാളികള്‍ക്കും സൗജന്യറേഷന്‍ അനുവദിക്കുന്നതിന് സിവില്‍ സപ്ലൈസ് നടപടി സ്വീകരിക്കും.
അടിയന്തിരഘടങ്ങളില്‍ ദുരന്ത നിവാരണ സമിതി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലിസ്, ഫയര്‍ഫോഴ്—സ്, പോര്‍ട്ട്, ഫിഷറീസ് മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ തദ്ദേശീയതല മല്‍സ്യത്തൊഴിലാളികളെ ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. എല്ലാ യാനങ്ങളിലും രജിസ്‌ട്രേഷന്‍ മാര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. മല്‍സ്യബന്ധനത്തില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചറിയല്‍ രേഖ, മതിയായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലൈഫ് ജാക്കറ്റ്, ആവശ്യമായ അളവില്‍ ഇന്ധനം, ടൂള്‍ കിറ്റ് എന്നിവ വള്ളങ്ങളില്‍ കരുതണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍ കാലാവസ്ഥാമുന്നറിയിപ്പ് അനുസരിച്ച് പ്രക്ഷുബ്ധ കാലാവസ്ഥയില്‍ മല്‍സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കേണ്ടതാണ്. രണ്ട് വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍പട്രോളിങ് നിരോധിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായ എല്ലാ മത്സ്യബന്ധന രീതികളും നിയമാനുസൃതം നിര്‍വ്വഹിച്ചിട്ടില്ലാത്ത മല്‍സ്യബന്ധനരീതികളും കര്‍ശനമായി നിരോധിച്ചിരിക്കുന്നതിനാല്‍ അത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം അസീന ട്രോളിങ് നിരോധന നടപടികള്‍ വിശദീകരിച്ചു. യോഗത്തില്‍ അസി. ഡയറക്ടര്‍ പി കെ രഞ്ജിനി, അസി. കമ്മീഷണര്‍ ഓഫ് പോലിസ് അബ്ദുള്‍വഹാബ്, ഡിസിആര്‍സി ഡിവൈഎസ്പി എം സുബൈര്‍ തീരദ്ദേശ പോലിസ് ഇന്‍സ്—പെക്ടര്‍മാര്‍, മല്‍സ്യഫെഡ്, മല്‍സ്യബോര്‍ഡ്, റവന്യൂ, പോര്‍ട്ട്, ഫയര്‍ഫോഴ്—സ് തുടങ്ങിയ വിവിധ വകുപ്പ് പ്രതിനിധികള്‍ മല്‍സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it