Alappuzha local

ട്രോളിങ് നിരോധനം 14ന് അര്‍ധരാത്രി മുതല്‍



ആലപ്പുഴ: ജൂലൈ 31 വരെ 47 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിങ് നിരോധനം ജൂണ്‍ 14ന് അര്‍ധരാത്രി നിലവില്‍ വരും. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല കലക്ടര്‍ വീണ എന്‍ മാധവന്‍ വ്യക്തമാക്കി. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ നിരോധകാലയളവില്‍ എടുക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്തു. ഇന്നും നാളെയും കടല്‍തീരത്ത് ട്രോളിങ് നിരോധത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ഉച്ചഭാഷിണിയിലൂടെ പ്രചരണം നടത്തും.ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡ്, കോസ്റ്റല്‍ പോലിസ് എന്നിവയും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.  കടല്‍രക്ഷ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബോട്ടും ലൈഫ് ഗാര്‍ഡുകളും സജ്ജരായി. തോട്ടപ്പള്ളി ആസ്ഥാനമായി ഫിഷറീസ് സ്റ്റേഷന്‍ എന്ന ആവശ്യം എത്രയും പെട്ടെന്ന് നേടിയെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ ജില്ല ഭരണകൂടം ചെയ്യുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ട്രോളിങ് നിരോധ കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കായി സൗജന്യറേഷന്‍ നല്‍കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. 17000 പേര്‍ക്കാണ് ഇത്തരത്തില്‍ റേഷന്‍ നല്‍കുക. ഇതിനുപുറമെ ആവശ്യമെങ്കില്‍ പുതിയ അപേക്ഷകര്‍ക്കും നല്‍കാന്‍ ഫിഷറീസ് വകുപ്പ് സജ്ജമാണെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ സിപി അനിരുദ്ധന്‍ പറഞ്ഞു. നിരോധത്തിനു മുന്നോടിയായി മല്‍സ്യതൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ ആദ്യഗഡു വിതരണം തുടങ്ങി.കായംകുളം അഴീക്കല്‍ കേന്ദ്രമായി ഒരു പട്രോളിങ് ബോട്ട് സജ്ജമാക്കിയിട്ടുണ്ട്. ഏഴു ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന് പരിചയസമ്പന്നരായ മല്‍സ്യതൊഴിലാളികളെ തന്നെ നിയോഗിക്കുന്നതാണ് ഉചിതമെന്ന് വിവിധ സംഘടന പ്രതിനിധികള്‍ പറഞ്ഞു. പോലിസ് സഹായത്തോടെ പരിശീലനം ലഭ്യമാക്കിയവരെയാണ് ഇതിന് ഉപയോഗിക്കുകയെന്ന് ജില്ല കലക്ടര്‍ വ്യക്തമാക്കി. ആലപ്പുഴ ജില്ലയില്‍ മോട്ടറൈസ്ഡ് മെക്കനൈസ്ഡ് ഫിഷിങ് ബോട്ടുകള്‍ 197 എണ്ണമാണുള്ളത്. മെക്കനൈസ്ഡ് അല്ലാത്തവ 4466 എണ്ണവും മോട്ടറൈസ്ഡ് അല്ലാത്തവ 311ഉം വരും. ജില്ലയിലെ കടലോരമല്‍സ്യതൊഴിലാളികള്‍ 35972ഉം കായലോര മല്‍സ്യതൊഴിലാളികള്‍ 7967ഉം ആണ്.യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.പി. അനിരുദ്ധന്‍, ധനകാര്യമന്ത്രിയുടെ പ്രതിനിധി വിനോദ് കുമാര്‍, പ്രതിപക്ഷനേതാവിന്റെ പ്രതിനിധി സുധിലാല്‍, വിവിധ സംഘടന പ്രതിനിധികളായ ആന്റണി കുരിശിങ്കല്‍, ബാബു ആന്റണി, ഒകെ മോഹനന്‍, ടിഎം ൈസമണ്‍ എന്‍വി പങ്കജാക്ഷന്‍, പിസി കാര്‍ത്തികേയന്‍, രാജു, പിജെ ഇമ്മാനുവല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍ട്രോള്‍ റൂം നമ്പരുകള്‍. ആലപ്പുഴ: ട്രോളിങ് നിരോധ കാലയളവില്‍ ഉപയോഗിക്കാവുന്ന കണ്‍ട്രോള്‍ റൂം നമ്പരുകള്‍. കലക്ടറേറ്റ്- 04772238630, ഫിഷറീസ് വകുപ്പ്- 0477-2251103, കോസ്റ്റ് ഗാര്‍ഡ്- 1554, 1093, കോസ്റ്റല്‍ പോലിസ്- 1095.
Next Story

RELATED STORIES

Share it