Kollam Local

ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍

കാവനാട്: ജില്ലയില്‍ ട്രോളിങ് നിരോധനം സുഗമമായി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ജൂണ്‍ ഒന്‍പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന നിരോധനത്തിന്റെ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. നിരോധനം ആരംഭിക്കുന്നതിനു മുമ്പ് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഒന്‍പതിന് രാവിലെ മുതല്‍ ഉച്ചവരെ കടലിലും ഉച്ചകഴിഞ്ഞ് കരയിലും  മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും.
ജൂണ്‍ ഒന്‍പതിന് അര്‍ധരാത്രി ട്രോളിങ് ബോട്ടുകള്‍ നീണ്ടകര പാലത്തിന്റെ കിഴക്കുവശത്തേക്കു മാറ്റി പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ ചങ്ങലയിയിട്ട് ബന്ധിക്കും. ഇതിന് ശേഷം അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളില്‍ നിയമവിരുദ്ധ ട്രോളിങ് തടയുന്നതിന് ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടപടി സ്വീകരിക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ അടിക്കുന്നതിനായി ശക്തികുളങ്ങരയിലും അഴീക്കലിലും മല്‍സ്യഫെഡ് പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. സമാധാനപരമായ ട്രോളിങ് നിരോധനം ഉറപ്പാക്കുന്നതിന് തീരത്തും ഹാര്‍ബറുകളിലും പോലിസിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കും. നിരോധനത്തിന് മുമ്പ് മല്‍സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്ന ബോട്ടുകള്‍ക്ക് ശക്തികുളങ്ങരയിലെ മല്‍സ്യഫെഡ് ഡീസല്‍ ബങ്ക് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത്  മത്സ്യം ഇറക്കി വിപണനം നടത്താം. അഴീക്കല്‍ ഹാര്‍ബറില്‍ ട്രോളിങ് ബോട്ട് നിയന്ത്രിക്കുന്നതിന് ഫിഷറീസ് വകുപ്പ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സഹായത്തോടെ സംവിധാനമൊരുക്കും. ഹാര്‍ബറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് നടപടി സ്വീകരിക്കും. വള്ളങ്ങള്‍ നീണ്ടകര ഹാര്‍ബറില്‍ എത്തി മല്‍സ്യവിപണനം നടത്തണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി. നീണ്ടകര, അഴീക്കല്‍ എന്നിവിടങ്ങളില്‍ മറൈന്‍ എന്‍ഫോഴ്‌സമെന്റ് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സീ റെസ്‌ക്യൂ സ്‌ക്വാഡും കോസ്റ്റല്‍ പോലിസ് ബോട്ടും രക്ഷാപ്രവര്‍ത്തനത്തിനുണ്ടാകും. നിരോധനകാലത്ത് ജോലിയില്ലാതാകുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്ക്  സൗജന്യ റേഷനും സമ്പാദ്യ ആശ്വാസ പദ്ധതിത്തുകയും ലഭ്യമാക്കും. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സിടി സുരേഷ്‌കുമാര്‍, പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ എ പ്രതീപ്കുമാര്‍, ഷിഹാബുദ്ദീന്‍, ഡി വിനോദ്, ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളി ട്രേഡ് യൂനിയനുകളുടെയും  ബോട്ടുടമ അസോസിയേഷന്റെയും പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെയും പ്രതിനിധകള്‍, ഫിഷറീസ്, പോലിസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, മല്‍സ്യഫെഡ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, പൊതുവിതരണം തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it