World

ട്രംപുമായുള്ള ചര്‍ച്ചയ്ക്ക് കിം തയ്യാറെന്ന് ദക്ഷിണ കൊറിയ

സോള്‍: യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിലും കൊറിയ ഉപഭൂഖണ്ഡത്തെ പൂര്‍ണമായി ആണവ നിരായുധീകരിക്കുന്നതിലും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വീണ്ടും പ്രതിബദ്ധത ഉറപ്പുനല്‍കിയതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മുണ്‍ ജെ ഇന്‍. ഉത്തര കൊറിയന്‍-യുഎസ് ഉച്ചകോടി  തീര്‍ച്ചയായും നടക്കുമെന്ന് കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ  ധാരണയിലെത്തിയതായും മുണ്‍ ജെ ഇന്‍ അറിയിച്ചു.
ചര്‍ച്ചയില്‍ നിന്നു പിന്‍മാറുമെന്ന് ട്രംപ് പ്ര—ഖ്യാപിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ശനിയാഴ്ച ഇരു കൊറിയന്‍ നേതാക്കളും അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തിയിരുന്നു. സിംഗപ്പൂരില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് അറുതിയാവുമെന്നാണ് കരുതുന്നതെന്നും മൂണ്‍ ജെ ഇന്‍ വ്യക്തമാക്കി.
ഉച്ചകോടി മുന്‍ നിശ്ചയിച്ച പ്രകാരം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയും വ്യക്തമാക്കി. കിമ്മുമായുള്ള ചര്‍ച്ച നടന്നേക്കുമെന്നു നേരത്തേ ട്രംപും വ്യക്തമാക്കിയിരുന്നു. സിംഗപ്പൂരില്‍ ജൂണ്‍ 12ന് കൂടിക്കാഴ്ച നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും ട്രംപ് നിര്‍ദേശം നല്‍കിയതായാണ് വിവരം. ഉത്തര കൊറിയയുമായുള്ള ഉച്ചകോടിക്കുള്ള മുന്നൊരുക്കങ്ങള്‍ നന്നായി നടത്തുന്നുണ്ട്. അത് മാറ്റിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി വൈറ്റ് ഹൗസ് പ്രതിനിധി സംഘം സിംഗപ്പൂരിലേക്ക് തിരിക്കുമെന്നു സെക്രട്ടറി സാറാ സാന്‍ഡേഴ്‌സന്‍ അറിയിച്ചു.ഉച്ചകോടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രിയും അറിയിച്ചു. ഏപ്രില്‍ അവസാനം സൈനികമുക്ത മേഖലയിലെ പാന്‍മുന്‍ജോം ഗ്രാമത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കൊറിയകള്‍ക്കിടയിലെ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ ഇരു നേതാക്കളും ധാരണയിലെത്തിയിരുന്നു.
ചര്‍ച്ചയില്‍ തീരുമാനിച്ച പ്രകാരം ഉത്തര കൊറിയ തങ്ങളുടെ ആണവ പരീക്ഷണ കേന്ദ്രം തകര്‍ക്കുകയും ചെയ്തു. എന്നാല്‍, ഉച്ചകോടി റദ്ദാക്കിയതായി ട്രംപ് പ്രഖ്യാപിച്ചത് മേഖലയെ വീണ്ടും സംഘര്‍ഷത്തിലേക്കു നയിക്കുമോയെന്ന ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് ദക്ഷിണ കൊറിയ മധ്യസ്ഥ ശ്രമവുമായെത്തിയത്.
Next Story

RELATED STORIES

Share it