ട്രംപിന്റെ നീക്കത്തിനെതിരേ കടുത്ത പ്രതിഷേധം

വാഷിങ്ടണ്‍: ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ നീക്കത്തിനെതിരേ ഫലസ്തീന്‍ സര്‍ക്കാരും സംഘടനകളും പ്രതിഷേധമറിയിച്ചു.  തെല്‍ അവീവാണ് ഇസ്രായേല്‍ തലസ്ഥാനം. പതിറ്റാണ്ടുകളായി യുഎസ് തുടര്‍ന്നുവരുന്ന നയത്തിനു വിരുദ്ധമാണ് ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പരിഗണിക്കാനുള്ള നീക്കം. ട്രംപിന്റെ പ്രഖ്യാപനം അടുത്ത ബുധനാഴ്ച പുറത്തുവരുമെന്നു യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇക്കാര്യത്തില്‍ ട്രംപ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജറൂസലേം സംബന്ധിച്ചു ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനം എടുക്കാവൂ എന്നായിരുന്നു യുഎസ് മുന്‍ പ്രസിഡന്റുമാരുടെ നിലപാട്. ഇസ്രായേലിനായുള്ള യുഎസ് എംബസി തെല്‍ അവീവില്‍ നിന്നു ജറൂസലേമിലേക്ക് മാറ്റുമെന്നു ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള യുഎസിന്റെ ബന്ധം വഷളാവാന്‍ ട്രംപിന്റെ നീക്കം കാരണമാവും.  ഭാവിയില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുമ്പോള്‍ തലസ്ഥാനമാക്കാന്‍ പരിഗണിക്കുന്നത് ജറൂസലേമിനെയാണ്. നഗരത്തിനു മേലുള്ള ഇസ്രായേലിന്റെ അവകാശവാദത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നുമില്ല.
ട്രംപിന്റെ നീക്കത്തെ ഫലസ്തീന്‍ സര്‍ക്കാര്‍ അപലപിച്ചു. ഭാവിയിലെ സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ തലസ്ഥാനമായി പരിഗണിക്കുന്ന ജറൂസലേമിനുമേല്‍ ഫലസ്തീനുള്ള അവകാശം നിഷേധിക്കുന്ന തരത്തിലുള്ള നടപടികളില്‍ നിന്നു ട്രംപ് പിന്‍മാറണമെന്നു ഫലസ്തീന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം (പിഎല്‍ഒ) ആവശ്യപ്പെട്ടു. ഫലസ്തീന്‍-ഇസ്രായേല്‍ സമാധാന ശ്രമങ്ങളെ തകര്‍ക്കാന്‍ ട്രംപിന്റെ പ്രഖ്യാപനം കാരണമാവുമെന്നു ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നാബില്‍ അബുര്‍ദൈനഹ് പ്രതികരിച്ചു. മേഖലയെ അസ്ഥിരപ്പെടുത്താന്‍ ഈ നീക്കം കാരണമാവും. ഇസ്രായേലിനെയും യുഎസില്‍ ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തെത്തിച്ച ഇസ്രായേല്‍ അനുകൂലികളായ വലതുപക്ഷത്തെയും തൃപ്തിപ്പെടുത്തുന്നതാണ് വരാന്‍ പോവുന്ന പ്രഖ്യാപനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജറൂസലേം ഒരു ഫലസ്തീന്‍ വിഷയം മാത്രമല്ലെന്നും ലോകത്തെമ്പാടുമുള്ള അറബ്, ഇസ്‌ലാമിക്, ക്രിസ്ത്യന്‍ വിഭാഗക്കാരെ സംബന്ധിച്ച സുപ്രധാനമായ വിഷയമാണെന്നും യുഎസ് ഭരണകൂടത്തെ എല്ലാവരും ധരിപ്പിച്ചിരുന്നതാണെന്നു പിഎല്‍ഒ നിര്‍വാഹക സമിതി ജനറല്‍ സെക്രട്ടറി സാഏബ് ഇറെകാത് പറഞ്ഞു. എത്രത്തോളം വലിയ മഹാപാതകമാണ് ചെയ്യുന്നതെന്നു യുഎസ് ഭരണകൂടത്തിന് അറിയാം. പുണ്യസ്ഥലമായ അല്‍ അഖ്‌സ മസ്ജിദ് ഉള്‍പ്പെടുന്ന ജറൂസലേം പ്രദേശം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കുന്നത് വലിയ പ്രശ്‌നമാണ്. യുഎസ് തീകൊണ്ടാണ് കളിക്കുന്നതെന്നും ഇറെകാത് അഭിപ്രായപ്പെട്ടു. തലസ്ഥാനമായി കിഴക്കന്‍ ജറൂസലേമില്ലെങ്കില്‍ ഫലസ്തീന്‍ രാഷ്ട്രത്തിന് അര്‍ഥമില്ലാതായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it