ടൈംസ് നൗ പിഴയടയ്ക്കണം: എന്‍എസ്ബിഎ

ടൈംസ് നൗ പിഴയടയ്ക്കണം: എന്‍എസ്ബിഎ
X
times now

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പ്രക്ഷേപണം ചെയ്ത ഒരു വാര്‍ത്താപരിപാടിയുടെ പേരില്‍ ടൈംസ് നൗ ചാനല്‍ പരസ്യമായി മാപ്പു പറയുകയും 50,000 രൂപ പിഴയടയ്ക്കുകയും വേണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (എന്‍എസ്ബിഎ).ജസ്ലീന്‍ കൗര്‍ എന്ന വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി എന്ന് ആരോപിക്കപ്പെട്ട സരബ്ജിതുമായി നടത്തിയ അഭിമുഖമാണ് ടൈംസ് നൗവിനെതിരായ ഇപ്പോഴത്തെ നടപടിക്ക് കാരണം.
ടൈംസ് നൗ മാധ്യമ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് അതോറിറ്റി വിലയിരുത്തി. കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ കുറ്റവാളിയെന്ന് ചിത്രീകരിക്കാന്‍ ചാനലിന് അധികാരമില്ല. കുറ്റാരോപിതനായ സരബ്ജിതിന് താല്‍പര്യമില്ലാതിരുന്നിട്ടു കൂടി ചാനല്‍ പിന്തുടര്‍ന്ന് അഭിമുഖം നടത്തുകയായിരുന്നു. പ്രകോപനപരവും അപമാനിക്കുന്ന തരത്തിലുള്ളതുമായിരുന്നു അഭിമുഖം. കുറ്റാരോപിതന്‍ ആയ ഒരാളെ കുറ്റവാളിയാക്കുന്ന തരത്തിലാണ് ചാനല്‍ അത് കൈകാര്യം ചെയ്തതെന്നും 15 പേജുള്ള അതോറിറ്റിയുടെ റിപോര്‍ട്ട് പറയുന്നു.
ദൃശ്യമാധ്യമ രംഗത്തെ പരാതികള്‍ പരിഗണിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് എന്‍ബിഎസ്എ. സുപ്രിംകോടതി മുന്‍ ജഡ്ജി ആര്‍ വി രവീന്ദ്രനാണ് നിലവില്‍ അതോറിറ്റിയുടെ ചെയര്‍മാന്‍.
കഴിഞ്ഞ ആഗസ്തിലാണ് സരബ്ജിത് തന്നോട് മോശമായ രീതിയില്‍ സംസാരിച്ചുവെന്ന് ആരോപിച്ച് ജസ്ലീന്‍ കൗര്‍ രംഗത്ത് വന്നത്. തന്റെ ഫേസ്ബുക്ക് പേജില്‍ സരബ്ജിതിന്റെ ഫോട്ടോ ഇട്ട് കൊണ്ടായിരുന്നു ജസ്ലീനിന്റെ ആരോപണം. കെജ്‌രിവാള്‍ അടക്കമുള്ള പ്രമുഖര്‍ ഇതിന്റെ പേരില്‍ ജസ്ലീനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രശസ്തിക്ക് വേണ്ടി ചെറിയ സംഭവത്തെ ജസ്ലീന്‍ പെരുപ്പിച്ച് കാട്ടുകയായിരുന്നുവെന്നുമായിരുന്നു സരബ്ജിതിന്റെ വാദം.
Next Story

RELATED STORIES

Share it