Flash News

ടൈംസ് ഓഫ് ഇന്ത്യക്കെതിരേ പ്രതിഷേധവുമായി സച്ചിദാനന്ദന്‍

കൊച്ചി: ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന ഏജന്റ് റാണയെന്ന ചിത്രകഥയില്‍ കൊച്ചിയെ ഐഎസിന്റെ തീവ്രവാദ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന്. പത്രത്തിനെതിരേ പ്രതിഷേധവുമായി സാംസ്‌കാരിക നായകന്‍മാര്‍. പത്രം കേരളീയര്‍ ബഹിഷ്‌കരിക്കണമെന്ന് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പത്രത്തിന്റെ ഡല്‍ഹി എഡിഷനിലാണു താന്‍ ഇതു കണ്ടതെന്നും മറ്റ് എഡിഷനിലും ഇതുണ്ടാവുമെന്നും സച്ചിദാനന്ദന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കോസ്‌മോ പോളിറ്റന്‍ സിറ്റിയാണ് കൊച്ചി. ഇത്തരത്തില്‍ രാജ്യത്തെ പ്രമുഖ നഗരമായ കൊച്ചിയെ അപമാനിക്കുന്ന വിധത്തില്‍ ചിത്രീകരിക്കുന്നത് ദേശീയ തലത്തിലുള്ള ഒരു ദിനപത്രത്തിന് ചേര്‍ന്നതല്ലെന്നും ഇസ്‌ലാമിനെ അടച്ചാക്ഷേപിക്കുന്ന നാണംകെട്ട പ്രചാരണമാണ് ഇത്തരം ചിത്രകഥയിലൂടെ പത്രം ചെയ്യുന്നതെന്നും സച്ചിദാനന്ദന്റെ തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു. സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ചു നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ 90 ദിവസമായി പ്രസീദ്ധീകരിച്ചുവരുന്ന ഏജന്റ് റാണയുടെ രചയിതാവ് ജഗ്ഗി ബാസിന്‍ എന്നയാളാണ്്. സുബോധ് പോഡാറിന്റേതാണ് വര. ഇസ്മയില്‍ എക്‌സ് എന്നയാള്‍ കഥയില്‍ ഇന്ത്യയില്‍ നിന്നും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയാണ്. എളുപ്പം സ്വാധീനിക്കാന്‍ കഴിയുന്ന കുട്ടികളെയാണ് ഇയാള്‍ ലക്ഷ്യമിടുന്നത്. അങ്ങനെ കണ്ടെത്തിയ ബണ്ടിയെന്ന കുട്ടിയെ ഇയാള്‍ ബ്രെയിന്‍വാഷ്് ചെയ്യുന്നു. തന്നെ ദൈവം വലിയ ഒരു ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ് ഇയാള്‍ പറയുന്നത്. ബണ്ടിയെ സിറിയയില്‍ എത്തിക്കാമെന്നും റാഖയ്ക്ക് സമീപം രഹസ്യകേന്ദ്രത്തില്‍ ബോംബ് നിര്‍മിക്കാനുള്ള പരിശീലനം നല്‍കാമെന്നും ഇസ്മയില്‍ പറയുന്നതായും കഥയില്‍ വ്യക്തമാക്കുന്നു. ഇസ്മയിലിന്റെ വാഗ്ദാനത്തില്‍ ആകൃഷ്ടനായ ബണ്ടി കൊച്ചിയിലെ തന്റെ വീട്ടില്‍ മടങ്ങിയെത്തിയത് മറ്റൊരു കുട്ടിയായിട്ടാണ്. തുടര്‍ന്ന് പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച ബണ്ടി തന്റെ പിതാവിന് എഴുത്ത് എഴുതിവച്ച് ഒരുനാളില്‍ വീട്ടില്‍ നിന്നും അപ്രത്യക്ഷനാവുന്നു.ഇന്ത്യയില്‍ സമീപകാലത്തുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെടുത്തി രഹസ്യാന്വേഷണ ഏജന്‍സികള്‍ സൃഷ്ടിച്ചുവിടുന്ന കഥകള്‍ അതേപടി ഏറ്റുപറയുന്ന വിധത്തിലാണ് കഥ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. അതേസമയം കൊച്ചിയുമായി ഐഎസ് പോലുള്ള സംഘടനകള്‍ക്ക് എന്തെങ്കിലും തരത്തില്‍ ബന്ധമുള്ളതായി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ലാല്‍ജി തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it