palakkad local

ടെണ്ടര്‍ നടപെടിയില്ല;  നിര്‍മാണപ്രവൃത്തികള്‍ക്ക് അനുമതി: മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന്

പാലക്കാട്: ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെണ്ടറില്ലാതെ 977.7 കോടി രൂപയുടെ പ്രവൃത്തികള്‍ നല്‍കിയതില്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് വിജിലന്‍സ് അന്വേഷിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
450 കോടി രൂപ അടങ്കല്‍ വരുന്ന നാടുകാണി -വഴിക്കടവ്- നിലമ്പൂര്‍- എടവണ്ണ- മഞ്ചേരി- മലപ്പുറം - വേങ്ങര, തിരുരങ്ങാടി റോഡ്, 146.50 കോടിയുടെ വഴിയഴീക്കല്‍ പാലം, 237.20കോടിയുടെ ഹില്‍ഹൈവേ-ചെറുപുഴ - പയ്യാവൂര്‍ -ഉളിക്കല്‍-വെള്ളിത്തോട് റോഡ് 85 കോടിയുടെ രാമനാട്ടുകര മേല്‍പാലം, 59 കോടിയുടെ തോണ്ടയോട് മേല്‍പാലം എന്നിവയാണ് ടെണ്ടറില്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയത്.
കേവലം ഉദ്യോഗസ്ഥതലത്തിലുള്ള തീരുമാനമാണിതെന്ന് കരുതുന്നില്ല. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് കേസിലുള്‍പ്പെടുത്തിയ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഇപ്പോള്‍ പൊതുമരാമത്ത് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിനെ ബലിയാടാക്കി രക്ഷപ്പെടാന്‍ശ്രമിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
മേല്‍പറഞ്ഞ അഞ്ച് പ്രവര്‍ത്തികളുടെയും നടത്തിപ്പില്‍ തല്‍സ്ഥിതി തുടരണമെന്ന ഹൈക്കോടതി വിധി ലംഘിക്കാന്‍ ചില എന്‍ജിനീയര്‍മാരുടെ ഒത്താശയോയോടെ ഊരാളുങ്കല്‍ സൊസൈറ്റി ശ്രമിക്കുകയാണ്.
ഇത് കോടതിയലക്ഷ്യമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഹരജി നല്‍കും. അക്രെഡിറ്റഡ് ഏജന്‍സികള്‍ക്കും ഗുണഭോക്തൃ സമിതികള്‍ക്കും ടെണ്ടറില്ലാതെ പണികള്‍ നേരിട്ട് നല്‍കുന്ന ഉത്തരവുകള്‍ പിന്‍വലിക്കുക, പൊതുമരാമത്ത് - ജലവിഭവ -തദ്ദേശ സ്വയംഭരണവകുപ്പുകളെ നടപടിക്രമങ്ങള്‍ ലഘൂകരിച്ചും കുടിശികയില്ലാതാക്കിയും നിലനിര്‍ത്തുക, പണികള്‍ വന്‍ പാക്കേജുകളായി ടെണ്ടര്‍ ചെയ്ത് ചെറുകിട - ഇടത്തരം കരാറുകാരെ ഒഴിവാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് മെയ് 31ന് കരാറുകള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.
സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പുള്ളി, ജനറല്‍ സെക്രട്ടറി വി ഹരിദാസ്, ജോജി ജോര്‍ജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it