Flash News

ടി പി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പുപറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: ടി പി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി നിയമസഭയില്‍. കേസില്‍ സുപ്രിംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. വിഷയത്തില്‍ കെ മുരളീധരന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സെന്‍കുമാര്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ മാപ്പുപറയുകയോ കോടതി സര്‍ക്കാരിന് പിഴ ചുമത്തുകയോ ചെയ്തിട്ടില്ല. സുപ്രിംകോടതി വിധി അന്തിമമാണെങ്കിലും അതില്‍ കൂടുതല്‍ വിശദീകരണം തേടാനും പുനപ്പരിശോധന ആവശ്യപ്പെടാനും ആര്‍ക്കും അവകാശമുണ്ട്. അതാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സെന്‍കുമാര്‍ കേസില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും സര്‍ക്കാരിന് അനുകൂലമായ വിധിയാണുണ്ടായത്. സുപ്രിംകോടതി അതു തിരുത്തി. ആ വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിയമപരമായി സെന്‍കുമാര്‍ സ്വീകരിച്ച മാര്‍ഗം മാത്രമാണ് സര്‍ക്കാരും സ്വീകരിച്ചത്. വിചാരണസമയത്ത് സര്‍ക്കാരിന്റെ ഹരജി കോടതി തള്ളി. ഇതിന് പിഴ ചുമത്തിയിട്ടില്ല. ജുവനൈല്‍ കേസുകള്‍ക്കായി സുപ്രിംകോടതിയുടെ ലീഗല്‍ സെല്ലില്‍ 25,000 രൂപ അടയ്ക്കാന്‍ മാത്രമാണ് നിര്‍ദേശിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.സെന്‍കുമാറിനെ മാറ്റാനുള്ള കാരണമായി സര്‍ക്കാര്‍ പറഞ്ഞത് പുറ്റിങ്ങല്‍, ജിഷ കേസുകളാണ്. എന്നാല്‍, അതു രണ്ടും നടന്നത് ഏപ്രിലിലായിരുന്നെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഒരുമാസത്തിനുള്ളില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഏതു സര്‍ക്കാരിനും ഉദ്യോഗസ്ഥരെ വിലയിരുത്താന്‍ ഒരു മാസമെങ്കിലും വേണം. എന്നാല്‍, സെന്‍കുമാറിന്റെ കാര്യത്തില്‍ അഞ്ചുദിവസം മാത്രമാണ് സര്‍ക്കാരിനു വേണ്ടിവന്നത്.മുഖ്യമന്ത്രിയോട് ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണ് പലപ്പോഴും അവര്‍ അദ്ദേഹത്തിന് പണികൊടുക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.അടികിട്ടുക മാത്രമല്ല, പുളിയും കുടിച്ചു എന്ന അവസ്ഥയിലാണ് സര്‍ക്കാരെന്ന് ഇറങ്ങിപ്പോക്കിനു മുമ്പ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ മാപ്പുപറഞ്ഞിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് കേസുകള്‍ നടത്താന്‍ വേണ്ടിയാണ് പണമൊടുക്കാന്‍ പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രിയുടെ കീശയില്‍ നിന്ന് അതു നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it