Flash News

ടാങ്കര്‍ അഴിമതി : കെജ്‌രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തു



ന്യൂഡല്‍ഹി: ടാങ്കര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ അഴിമതിവിരുദ്ധ വിഭാഗം (എസിബി) ചോദ്യം ചെയ്തു. ചോദ്യംചെയ്യാനായി നേരിട്ടു ഹാജരാവണമെന്നാവശ്യപ്പെട്ട് കെജ്‌രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനു നേരത്തേ എസിബി നോട്ടീസ് അയച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ എസിബി ആസ്ഥാനത്തെത്തിയ ബിഭവ് കുമാറിനെ എസിബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. 11.30ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം വരെ നീണ്ടു. എസിബി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വിവിധ ഫയലുകളുമായാണ് ബിഭവ് ചോദ്യം ചെയ്യലിന് എത്തിയത്.2012ല്‍ ഷീലാ ദീക്ഷിത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹി ജല ബോര്‍ഡ് 385 സ്‌റ്റെയില്‍നസ് സ്റ്റീല്‍ വാട്ടര്‍ ടാങ്കറുകള്‍ വാങ്ങിയതില്‍ വ്യാപക ക്രമക്കേടും അഴിമതിയും നടന്നുവെന്ന ആരോപണമാണ് കേസിനാധാരം. അഴിമതി അന്വേഷിക്കാന്‍ 2015 ജൂണില്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. അഴിമതിക്കേസില്‍ കഴിഞ്ഞ ആഗസ്തില്‍ ഷീലാ ദീക്ഷിത്തിനെ എസിബി ചോദ്യം ചെയ്യുകയുണ്ടായി. ഇതിനു പിന്നാലെ ടാങ്കര്‍ ഇടപാട് അന്വേഷണത്തില്‍ കെജ്‌രിവാള്‍ സ്വാധീനംചെലുത്തിയെന്ന് അടുത്തിടെ എഎപിയില്‍ നിന്നു പുറത്തുപോയ മുന്‍ ജലവിഭവമന്ത്രി കപില്‍ മിശ്ര ആരോപണവുമായി രംഗത്തുവന്നതോടെയാണ് കെജ്‌രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന നജീബ് ജങ്ങിനു മുമ്പാകെ എത്തുന്നതു വൈകിപ്പിക്കണമെന്ന് കെജരിവാളിന്റെ സഹായി ആവശ്യപ്പെട്ടെന്നുമായിരുന്നു കപിലിന്റെ ആരോപണം. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ മൊഴിയും എസിബി രേഖപ്പെടുത്തുകയുണ്ടായി.
Next Story

RELATED STORIES

Share it