kannur local

ടാഗൂര്‍ വിദ്യാനികേതനില്‍ വിദ്യാര്‍ഥി പ്രവേശനം നിര്‍ത്തിവച്ചു

തളിപ്പറമ്പ്: പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് ടാഗൂര്‍ വിദ്യാനികേതനില്‍ വിദ്യാര്‍ഥി പ്രവേശനം കടുത്ത പ്രതിസന്ധിയില്‍. അഞ്ച്, എട്ട് ക്ലാസുകളില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയ രക്ഷിതാക്കളും കുട്ടികളും സ്‌കൂള്‍ കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് പ്രവേശന നടപടികള്‍ നിര്‍ത്തിവച്ചു.
നറുക്കെടുപ്പിലൂടെ പ്രവേശനം നല്‍കുമെന്ന് നേരത്തേ അറിയിച്ചതു പ്രകാരമാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇന്നലെ രാവിലെ സ്‌കൂളിലെത്തിയത്. എന്നാല്‍ നറുക്കെടുപ്പ് റദ്ദാക്കിയതായി മുഖ്യാധ്യാപകന്‍ അറിയിച്ചു. ഇതോടെയാണ് രോഷാകുലരായ നൂറിലേറെ രക്ഷിതാക്കള്‍ സമരം തുടങ്ങിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ടെത്തി പരിഹാരം കാണുന്നതു വരെ സമരം തുടരുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്‌കൂള്‍ അധികൃതര്‍ പോലിസിനെ വിളിച്ചുവരുത്തി. കഴിഞ്ഞ 11ന് അപേക്ഷ സ്വീകരിച്ച ഘട്ടത്തില്‍ തന്നെ അഡ്മിഷന്‍ നല്‍കാമായിരുന്നിട്ടും സ്‌കൂള്‍ അധികൃതരും അലുംനി അസോസിയേഷനും ഒത്തുകളിച്ച് കോടതിയില്‍നിന്ന് സ്‌റ്റേ വാങ്ങിയതാണ് പ്രവേശനം തടസ്സപ്പെടാന്‍ കാരണമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. പ്രവേശനപ്പരീക്ഷ ഒഴിവാക്കിയതിനാല്‍ സാധാരണ നിലയിലുള്ള പ്രവേശനത്തിന് 256 കുട്ടികള്‍ അഞ്ചാം ക്ലാസിലേക്കും, 56 കുട്ടികള്‍ എട്ടാം ക്ലാസിലേക്കും അപേക്ഷ നല്‍കിയിരുന്നു. അഞ്ചിലേക്ക് 60, എട്ടിലേക്ക് 30 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍, വാര്‍ഡ് കൗണ്‍സിലര്‍, ഡിഡിഇ, ഡിഇഒ, മുഖ്യാധ്യാപകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സ്‌കൂള്‍ ഉപദേശകസമിതി യോഗത്തില്‍ നറുക്കെടുപ്പ് വഴി പ്രവേശനം നടത്താന്‍ തീരുമാനിച്ചത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ തീരുമാനം താല്‍ക്കാലികമായി മാറ്റിവച്ചു. എന്നാല്‍, നറുക്കെടുപ്പ് വഴി പ്രവേശനം നടത്താമെന്ന സ്‌കൂള്‍ ഉപദേശകസമിതിയുടെ തീരുമാനത്തിനെതിരേ ഗവ. പ്ലീഡര്‍ നിയമോപദേശം നല്‍കിയതോടെയാണ് നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഇപ്പോള്‍ തീരുമാനമെടുത്തത്. ഈ വര്‍ഷത്തെ പ്രവേശനത്തെക്കുറിച്ച് ഒന്നും പറയാനാവാത്ത അവസ്ഥയിലാണ് അധികൃതര്‍.
Next Story

RELATED STORIES

Share it