Kottayam Local

ഞീഴുര്‍ പഞ്ചായത്തില്‍ മണ്ണെടുപ്പും നിലംനികത്തലും വ്യാപകം

തലയോലപ്പറമ്പ്: ഞീഴൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ അധികാരികളുടെ ഒത്താശയോടെ നിലംനികത്തലും മണ്ണെടുപ്പും വ്യാപകം. രാത്രിപകല്‍ വ്യത്യാസമില്ലാതെ എകസ്‌കവേറ്റര്‍ ഉപയോഗിച്ച് കുന്നുകള്‍ ഇടിച്ചുനിരത്തുകയാണ്. കുന്നുകള്‍ മണ്‍മറഞ്ഞതോടെ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. കിണറുകളിലെ വെള്ളം വറ്റിവരണ്ടു. മണ്ണ് വ്യാപകമായി ഈ മേഖലയില്‍ തന്നെ കൃഷിയോഗ്യമായ പാടശേഖരങ്ങള്‍ നികത്താന്‍ ഉപയോഗിക്കുകയാണ്. രാത്രിപകല്‍ വ്യത്യാസമില്ലാതെ മണ്ണുമായി പായുന്ന ടിപ്പറുകള്‍ ഗതാഗതത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങളില്‍ പോവുന്നവര്‍ക്കും റോഡിലൂടെ ഭയന്നുവേണം യാത്ര ചെയ്യാന്‍. പഞ്ചായത്തിലെ തുരുത്തിപ്പള്ളി, മടത്തിപ്പറമ്പ് പ്രദേശങ്ങളിലാണ് കൂടുതലായി മണ്ണെടുപ്പും നിലംനികത്തലും നടക്കുന്നത്. നാട്ടുകാര്‍ ഇതുസംബന്ധിച്ച് പാലാ ആര്‍ഡിഒയ്ക്ക് വിവരങ്ങള്‍ നല്‍കിയെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും ആക്ഷേപമുണ്ട്. നടപടികള്‍ സ്വീകരിക്കേണ്ടത് ഞീഴൂര്‍ പഞ്ചായത്തിലെ കൃഷി ഓഫിസറും വില്ലേജ് ഓഫിസറുമാണെന്നാണ് ആര്‍ഡിഒ ഇതിന് മറുപടിയായി പറയുന്നത്. കുന്നുകള്‍ ഇടിച്ചുനിരത്താന്‍ പഞ്ചായത്തില്‍ ആര്‍ക്കും അനുമതി നിലവിലില്ല.
എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി മാഫിയ അഴിഞ്ഞാടുന്നത് പഞ്ചായത്ത് ഉള്‍പ്പെടെയുള്ളവര്‍ കാഴ്ചക്കാരായി നോക്കിക്കാണുന്നു. അവധി ദിവസങ്ങളില്‍ പണികള്‍ അതിവിപുലമായാണ് നടക്കുന്നത്. പ്രശ്‌നങ്ങള്‍ അതിരുവിടുമ്പോള്‍ പോലിസ് മണ്ണെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് എക്‌സകവേറ്റര്‍ ഉള്‍പ്പെടെ പിടികൂടാറുണ്ടെങ്കിലും തുടര്‍നടപടികള്‍ അലസിപ്പോകുന്നു. ഇതുപോലുള്ള വീഴ്ചകള്‍ തന്നെയാണ് മണ്ണെടുപ്പ് നടത്തുന്നവര്‍ക്കും നിലം നികത്തുന്നവര്‍ക്കുമെല്ലാം ഗുണകരമാകുന്നത്.
Next Story

RELATED STORIES

Share it