World

ജോ കോക്‌സിന്റെ കൊലപാതകം; വലതുകക്ഷികളുമായുള്ള ബന്ധം അന്വേഷിക്കും

ലണ്ടന്‍: ബ്രിട്ടനിലെ പ്രതിപക്ഷ എംപിയായിരുന്ന ലേബര്‍ പാര്‍ട്ടിയുടെ ജോ കോക്‌സിന്റെ(41) കൊലപാതകക്കേസില്‍ അറസ്റ്റിലായ തോമസ് മെയ്‌റിന്റെ തീവ്ര വലത് കക്ഷികളുമായുള്ള ബന്ധം അന്വേഷിക്കുമെന്ന് യുകെ പോലിസ്. വ്യാഴാഴ്ചയായിരുന്നു ലീഡ്‌സിനു സമീപം ബ്രിസ്റ്റാള്‍ ഗ്രാമത്തില്‍ കോക്‌സിനു വെടിയേറ്റത്. കോക്‌സിനെതിരായ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഭീകരവാദവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതായി വെസ്റ്റ് യോക്‌ഷെയര്‍ പോലിസ് അറിയിച്ചു.
യുഎസിലെ നിയോ നാത്‌സി സംഘടനയായിരുന്ന നാഷനല്‍ അലയന്‍സിനെ തോമസ് മെയ്ര്‍ പിന്തുണച്ചിരുന്നതായി നിയമോപദേശ സംഘമായ സതേണ്‍ പോവെര്‍ട്ടി ലോ സെന്റര്‍ അറിയിച്ചിരുന്നു. നാഷനല്‍ അലയന്‍സില്‍ നിന്ന് 620 ഡോളറിന് ഇയാള്‍ പുസ്തകങ്ങളും ലഘുലേഖകളും വാങ്ങിയിരുന്നു. തോക്ക് നിര്‍മിക്കുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങിയ കൈപ്പുസ്തകം ഇയാള്‍ വാങ്ങിയിരുന്നതായും ലോ സെന്റര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. അക്രമി ഉപയോഗിച്ചത് നാടന്‍ തോക്കാണെന്നു ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ആക്രമണശേഷം ഇയാള്‍ ബ്രിട്ടിഷ് ഫസ്റ്റ് എന്ന മുദ്രാവാക്യം മുഴക്കിയതായി സാക്ഷികള്‍ മൊഴിനല്‍കി. അതേസമയം, ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്റെ പേര് വഞ്ചകര്‍ക്ക് മരണം, ബ്രിട്ടന് സ്വാതന്ത്ര്യം എന്നതാണെന്ന് ഇയാള്‍ പറഞ്ഞതായി ബിബിസി റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it