kannur local

ജോയിന്റ് ആര്‍ടി, എക്‌സൈസ് സിഐ ഓഫിസുകള്‍ മട്ടന്നൂരിലെന്നു സൂചന



മട്ടന്നൂര്‍: ജോയിന്റ് ആര്‍ടി ഓഫിസും എക്‌സൈസ് സര്‍ക്കിള്‍ ഓഫിസും മട്ടന്നൂരില്‍ സ്ഥാപിക്കുമെന്ന് സൂചന. ഇരിട്ടിയിലും മട്ടന്നൂരിലും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ് മട്ടന്നൂരില്‍ ഇരു ഓഫിസുകളും പ്രവര്‍ത്തനം ആരംഭിക്കാന്‍ ശ്രമം തുടങ്ങിയത്. എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് ആരംഭിക്കുന്നതിന് മട്ടന്നൂരില്‍ മുറി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. തലശ്ശേരി താലൂക്ക് വിഭജിച്ച് ഇരിട്ടി താലൂക്ക് രൂപീകരിച്ചതോടെയാണ് താലൂക്ക് ഓഫിസ്, സിവില്‍ സപ്ലൈസ് ഓഫിസ്, ജോയിന്റ് ആര്‍ടി ഓഫിസ്, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസുകള്‍ താലൂക്കുകളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചത്. നേരത്തേ തന്നെ ജോയിന്റ് ആര്‍ടി ഓഫിസ് മട്ടന്നൂരില്‍ സ്ഥാപിക്കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിനിടെ താലൂക്ക് ഓഫിസ്, സപ്ലൈസ് ഓഫിസ് എന്നിവ ഇരിട്ടിയില്‍ സ്ഥാപിച്ചു. ആര്‍ടി ഓഫിസും എക്‌സൈസ് സര്‍ക്കിള്‍ ഓഫിസും ഇരിട്ടിയില്‍ സ്ഥാപിക്കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്തോടെ മട്ടന്നൂരില്‍ ഇരു ഓഫിസുകളും സ്ഥാപിക്കാനുള്ള നീക്കം അധികൃതരുടെ ഭാഗത്തുനിന്ന് ആരംഭിക്കുകയായിരുന്നു. തലശേരി താലൂക്ക് വിഭജിക്കുമ്പോള്‍ ആസ്ഥാനത്തെച്ചൊല്ലി പേരാവൂര്‍, മട്ടന്നൂര്‍, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങള്‍ ആവശ്യം ഉന്നയിച്ചെങ്കിലും അവസാനഘട്ടം ഇരിട്ടിയില്‍ താലൂക്ക് ആരംഭിക്കുകയായിരുന്നു. താലൂക്ക് പരിധിയില്‍ വരുന്ന വിവിധ ഓഫിസുകള്‍ പേരാവൂരിലും മട്ടന്നൂരിലും സ്ഥപിക്കാമെന്ന് അന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നു. ആര്‍ടി ഓഫിസ് പ്രവര്‍ത്തനം നീണ്ടുപോവുന്നത് കാരണം മലയോര മേഖലയിലെ നുറുകണക്കിന് പേര്‍ ഇപ്പോഴും തലശ്ശേരി ആര്‍ടി  ഓഫിസിനെയാണ് ആശ്രയിക്കുന്നത്. അനുവദിച്ച ജോയിന്റ് ആര്‍ടി ഓഫിസും എക്‌സൈസ് സര്‍ക്കിള്‍ ഓഫിസും ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണു സൂചന.
Next Story

RELATED STORIES

Share it