ജേക്കബ് തോമസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിച്ച് സ്വകാര്യ കമ്പനിക്ക് നേട്ടമുണ്ടാക്കിയെന്ന കേസ് റദ്ദാക്കിയ ഹൈക്കോടതി വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. ജേക്കബ് തോമസ് ലോകായുക്തയില്‍ നല്‍കിയ ഒരു റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി കണ്ടെത്തി. ആരോപണവിധേയമായ ഭൂമിയുടെ സെറ്റില്‍മെന്റ് രജിസ്റ്റര്‍ വ്യാജമായി നിര്‍മിച്ചതാണെന്നായിരുന്നു ജേക്കബ് തോമസ് റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇക്കാര്യം വിശദീകരിക്കാന്‍ നേരിട്ടു വിളിച്ചു വരുത്തിയപ്പോള്‍ ജേക്കബ് തോമസ് നിലപാട് മാറ്റിയതായി കോടതി നിരീക്ഷിക്കുന്നു. ഇത്തരത്തില്‍ നിര്‍ലജ്ജമായി പ്രവര്‍ത്തിച്ച ജേക്കബ് തോമസ് ലോകായുക്തയ്ക്ക് നല്‍കിയ റിപോര്‍ട്ടില്‍ “വഞ്ചന സാര്‍വത്രികമാവുന്ന കാലത്ത് സത്യം പറയല്‍ വിപ്ലവപ്രവര്‍ത്തനമാണ്’’എന്നാണ് എഴുതിയിരിക്കുന്നത്. ഒരു കുറ്റബോധവുമില്ല. ഇതെന്തൊരു വിരോധാഭാസമാണെന്നു വിലപിക്കാനേ കഴിയൂയെന്നു കോടതി പറഞ്ഞു. കോടതിയില്‍ നിന്ന് ജേക്കബ് തോമസ് അപ്രത്യക്ഷനായത് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടിയാണ്. അതുകൊണ്ടാണു വിഷയത്തില്‍ കോടതിയില്‍ വിശദീകരണം നല്‍കാതെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഈ പോസ്റ്റില്‍ അദ്ദേഹം സത്യസന്ധര്‍ അഞ്ചെന്ന്എഴുതിയിരുന്നു. ഇവര്‍ കേസിലെ ആരോപണവിധേയരാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളിലെ ആരോപണവിധേയരെ മോശമായി ചിത്രീകരിക്കരുതെന്ന് നിരവധി വിധികളുണ്ട്. ജേക്കബ് തോമസിന്റെ ഈ നടപടികള്‍ കോടതിയലക്ഷ്യമാണ്. ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പ്രത്യേകിച്ച് ഡിജിപി റാങ്കിലുള്ളയാള്‍ ഇങ്ങനെ ചെയ്യുന്നത് അന്യായമാണ്. ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട സമയമാണിത്. ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് കേസിലെ തെളിവുകള്‍ പറയുന്നത്. പക്ഷേ, ഇയാളുടെ നടപടികളെ അവജ്ഞാപൂര്‍വം അവഗണിക്കുകയാണ്. ചീഫ് സെക്രട്ടറി രൂപീകരിച്ച കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നാണ് ഇയാള്‍ പറയുന്നത്. സ്വന്തമായി ഒരു സര്‍വേ പോലും നടത്താതെയാണിത്. ജേക്കബ് തോമസ് ഊഹത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജമായി ഉണ്ടാക്കി ലോകായുക്തയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് കേസെടുക്കുന്നത്. ഇത് സുപ്രിംകോടതി വിധികളുടെ ലംഘനമാണ്. മുന്‍വിധി, മിഥ്യാബോധം, പക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുത്. പ്രത്യേകിച്ചും അഴിമതി തടയല്‍ നിയമപ്രകാരമുള്ള കേസുകള്‍. ലോകായുക്തയെ വരെ മറികടന്നാണ് ഊഹങ്ങളുടെയും തെറ്റായ റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ജേക്കബ് തോമസ് മുന്നേറിയത്. ഒരു പോലിസുകാരന് ഉണ്ടാവാന്‍ പാടില്ലാത്ത സ്വഭാവമാണ് ജേക്കബ് തോമസിനുള്ളത്. പ്രത്യേകിച്ച് ഐപിഎസ്, ഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക്. അധികാരമുള്ളതല്ല അത് ശരിയായി ഉപയോഗിക്കുന്നതിലാണ് മഹത്വമെന്നും കോടതി വ്യക്തമാക്കി. പൈപ്പ് മാറ്റിയിടലുമായി ബന്ധപ്പെട്ടല്ലാത്ത സ്ഥലം കൈയേറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ലോകായുക്ത മുമ്പാകെയുള്ള കേസുകളില്‍ നടപടികള്‍ തുടരുന്നതിന് ഈ ഉത്തരവ് തടസ്സമാവില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കാനുള്ള നടപടികളാവാമെന്നും കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it