ജേക്കബ് തോമസിന്റെ 36 സര്‍ക്കുലറുകളില്‍ 31 എണ്ണവും വിജിലന്‍സ് റദ്ദാക്കി

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് പുറത്തിറക്കിയ സര്‍ക്കുലറുകളില്‍ ബഹുഭൂരിപക്ഷവും വിജിലന്‍സ് റദ്ദാക്കി. ഉന്നത നിയമനങ്ങളില്‍ വിജില ന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത് ഉള്‍പ്പെടെ ജേക്കബ് തോമസിന്റെ കാലത്ത് പുറപ്പെടുവിച്ച 36 സര്‍ക്കുലറുകളില്‍ 31 എണ്ണവും റദ്ദായി.
നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ അസ്താനയുടേതാണ് നടപടി. സര്‍ക്കുലറുകള്‍ വിജിലന്‍സ് ചട്ടത്തിന് വിരുദ്ദമെന്ന മൂന്നംഗ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഈ മാസം 30ന് കേന്ദ്ര സര്‍വീസിലേക്ക് പോവാനിരിക്കെയാണ് അസ്താനയുടെ നടപടി. വിജിലന്‍സ് യൂനിറ്റുകളില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന ജേക്കബ് തോമസിന്റെ ഉത്തരവ് സര്‍ക്കാര്‍ നേരത്തെ തിരുത്തിയിരുന്നു. കേസെടുക്കാന്‍ ഡയറക്ടറുടെ അനുമതി വേണമെന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ തിരുത്തല്‍. ഈ ഉത്തരവിന്റെ ചുവടുപിടിച്ചാണ് ജേക്കബ് തോമസിന്റെ 36 ഉത്തരവുകള്‍ പരിശോധിക്കാന്‍ സമിതിയെ അസ്താന ചുമതലപ്പെടുത്തിയത്.  5 സര്‍ക്കുലറുകള്‍ മാത്രം നിലനില്‍ക്കുമെന്നും മറ്റെല്ലാം വിജിലന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ദമെന്നുമാണ് സമിതി ശുപാര്‍ശ ചെയ്തത്.
പരാതികളിലെ തീര്‍പ്പാക്ക ല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം, വിവിധ വകുപ്പുകളിലെ സോഷ്യല്‍ ഓഡിറ്റിങ്, അഴിമതിക്കെതിരായ പ്രചാരണ പരിപാടികള്‍ തുടങ്ങിയ വയുമായി ബന്ധപ്പെട്ട സര്‍ക്കുലറാണ് റദ്ദാക്കിയവയില്‍ പ്രധാനപ്പെട്ടവ. മുമ്പ് നിലവിലെ പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായ സമയത്തും ഇതേരീതിയില്‍ സര്‍ക്കുലര്‍ റദ്ദാക്കിയിരുന്നു. മുന്‍ ഡയറക്ടര്‍മാരുടെ സര്‍ക്കുലറുകള്‍ ഭേദഗതി ചെയ്യുക പതിവാണെങ്കിലും കൂട്ടത്തോടെ സര്‍ക്കുലറുകള്‍ റദ്ദാക്കുന്നത് ഇതാദ്യമാണ്.
Next Story

RELATED STORIES

Share it