ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി; അച്ചടക്ക നടപടി തുടര്‍ന്നേക്കും

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ ഇടപെടലുകളെക്കുറിച്ച് നടത്തിയ വിമര്‍ശനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. അച്ചടക്ക നടപടിയെടുക്കാതിരിക്കാ ന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിയാണ് ചീഫ് സെക്രട്ടറി പോ ള്‍ ആന്റണി തള്ളിയത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് വിശദീകരണം തള്ളാന്‍ ചീഫ് സെക്രട്ടറി തീരുമാനിച്ചത്. പോള്‍ ആന്റണി നല്‍കിയ റിപോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ട് പോവാനാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്ന ജേക്കബ് തോമസിന്റെ അഭിപ്രായപ്രകടനം അക്ഷന്തവ്യമായ കുറ്റകൃത്യമാണെന്നാണ് സര്‍ക്കാര്‍ നല്‍കിയ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ശമ്പളവര്‍ധന തടയുകയോ ശമ്പളം തടഞ്ഞുവയ്ക്കുകയോ ആയിരിക്കും ജേക്കബ് തോമസിനെതിരെ സര്‍ക്കാരിന് സ്വീകരിക്കാവുന്ന നടപടികള്‍. കേന്ദ്ര സര്‍വീസിലെ ഉദ്യോഗസ്ഥനായതിനാല്‍ ജേക്കബ് തോമസിനെ നാലുമാസത്തില്‍ കൂടുതല്‍ മാറ്റിനിര്‍ത്തണമെങ്കില്‍ കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തിന് കൃത്യമായി കാരണം കാണിക്കണം. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അധ്യക്ഷനായുള്ള കമ്മീഷനെവച്ച് വിശദമായ അന്വേഷണവും നടത്തണം. അതിനാല്‍, സസ്‌പെന്‍ഷന്‍ നീട്ടണമെന്ന ആവശ്യമാവും സര്‍ക്കാര്‍ ഉന്നയിക്കുക. ഇക്കാര്യത്തില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതാണ്. ഡിസംബര്‍ ഒമ്പതിന് അഴിമതി വിരുദ്ധദിനത്തിലാണ് പ്രസ്‌ക്ലബ്ബില്‍ താന്‍ പ്രസംഗിച്ചത്. 2016ലെ അഴിമതിവിരുദ്ധദിനത്തില്‍ പറഞ്ഞ അതേകാര്യങ്ങളാണ് ഇത്തവണയും പറഞ്ഞത്. കഴിഞ്ഞവര്‍ഷം ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രതിജ്ഞയാണ് താന്‍ ചൊല്ലിക്കൊടുത്തതെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. എന്നാല്‍, നേരത്തെ എഴുതി തയ്യാറാക്കിയ പ്രസംഗം ആയതുകൊണ്ട് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജേക്കബ് തോമസ് തീരുമാനിച്ചിരുന്നുവെന്നും ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു.  അതേസമയം സര്‍ക്കാര്‍ നടപടി എടുത്താല്‍ ജേക്കബ് തോമസ് കേന്ദ്രത്തെ സമീപിച്ചേക്കും.
Next Story

RELATED STORIES

Share it