Flash News

ജെറ്റ് എയര്‍വേയ്‌സ് : ആയുഷ്‌കാല സൗജന്യയാത്ര തൊടുപുഴക്കാരിയുടെ നവജാതശിശുവിന്



ഇടുക്കി: കഴിഞ്ഞ ദിവസം ജെറ്റ് എയര്‍വേയ്‌സിന്റെ ആയുഷ്‌കാല സൗജന്യയാത്ര ലഭിച്ചത്  തൊടുപുഴ സ്വദേശിനിയായ യുവതിയുടെ ആണ്‍കുഞ്ഞിന്. ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കു പറന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലാണു സംഭവം. യുവതിയുടെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ല. പാകിസ്താന്റെ വ്യോമമേഖലയില്‍ കൂടി വിമാനം പറന്നുകൊണ്ടിരിക്കുമ്പോഴാണ് യുവതിക്കു പ്രസവവേദനയുണ്ടായത്. പ്രസവമെടുക്കുന്നതിന് യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ഉണ്ടോയെന്നു വിമാനജീവനക്കാര്‍ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍, മിനി വില്‍സണ്‍ എന്ന നഴ്‌സ്് സഹായം നല്‍കാന്‍ തയ്യാറാവുകയും യുവതിയെ ഇക്കോണമി സീറ്റില്‍ നിന്ന് ഫസ്റ്റ്ക്ലാസ് വിഭാഗത്തിലെത്തിച്ച് പ്രസവം എടുക്കുകയുമായിരുന്നു. വിമാനം പിന്നീട് മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി യുവതിയെ യും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ജെറ്റ് എയര്‍വേയ്‌സിന്റെ 9 ഡബ്ല്യു 569 വിമാനത്തി ല്‍ 162 യാത്രികരാണ് ഉണ്ടായിരുന്നത്. ആദ്യമായാണ് തങ്ങളുടെ വിമാനത്തില്‍ പ്രസവം നടക്കുന്നതെന്ന് അറിയിച്ച ജെറ്റ് എയര്‍വേയ്‌സ് കുട്ടിക്ക് ആയുഷ്‌കാലം സൗജന്യയാത്ര നല്‍കുമെന്നും അറിയിക്കുകയായിരുന്നു. വിമാനക്കമ്പനി അധികൃതര്‍ തന്നെയാണ് യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചത്. പിന്നീട് രണ്ടു മണിക്കൂര്‍ മുംബൈയില്‍ നിര്‍ത്തിയിട്ട ശേഷമാണ് വിമാനം കൊച്ചിയിലേക്കു തിരിച്ചത്.
Next Story

RELATED STORIES

Share it