ജെഎന്‍യു: വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച ജെഎ ന്‍യു വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും അധ്യാപകരും ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഡല്‍ഹിയിലും പരിസരത്തുമുള്ള സര്‍വകലാശാലകളില്‍ നിന്നുള്ളവരാണു മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. മാര്‍ച്ച് ഇന്ന് ഉച്ചയ്ക്ക് 2ന് മാണ്ടിഹൗസില്‍ നിന്ന് ആരംഭിക്കുമെന്നു വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റഷീദ് ഷോറ അറിയിച്ചു.
ജെഎന്‍യു വിദ്യാര്‍ഥികളുടെ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന മാര്‍ച്ചിലൂടെ പ്രശ്‌നം പ്രധാനമന്ത്രി, മാനവശേഷി മന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. പ്രശ്‌നപരിഹാരത്തിനു കേന്ദ്ര മനുഷ്യാവകാശ കമ്മീഷനെയും ന്യൂനപക്ഷ കമ്മീഷനെയും സമീപിക്കാനും ആഗ്രഹിക്കുന്നതായി ഷഹ്‌ല പറഞ്ഞു.
അതിനിടെ തിഹാര്‍ ജയിലി ല്‍ കഴിയുന്ന കനയ്യ കുമാറിനെ അമ്മാവന്‍ രാജേന്ദ്ര സിങും സഹോദരന്‍ മണികാന്ത് കുമാറും സന്ദര്‍ശിച്ചു. ഇത്രയധികം ആളുകള്‍ കനയ്യകുമാറിനെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. കനയ്യകുമാറില്‍ തങ്ങള്‍ അഭിമാനം കൊള്ളുന്നുവെന്നും ജയില്‍ സന്ദര്‍ശനത്തിനു ശേഷം ജെഎന്‍യു കാംപസിലെത്തിയ ബന്ധുക്കള്‍ പറഞ്ഞു.
തങ്ങളുടെ പൂര്‍വികര്‍ സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ ഒരു ഗ്രാമത്തില്‍നിന്നുള്ള വിദ്യാര്‍ഥിയെയാണു ഭീകരനെന്നു വിളിച്ചത്. ഒരു ചായക്കടക്കാരനാണെന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി ഒരു കര്‍ഷകന്റെ മകന്‍ വേട്ടയാടപ്പെട്ടപ്പോള്‍ നിശ്ശബ്ദത പാലിക്കുന്നതെന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു.
കനയ്യകുമാറിന്റെ ജാമ്യഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. മൂന്നുമണിക്കൂര്‍ നീണ്ട വാദത്തിനു ശേഷം ജാമ്യഹരജിയില്‍ ഇന്ന് വിധിപറയാന്‍ ജസ്റ്റിസ് പ്രതിഭാ റാണി തിങ്കളാഴ്ചയാണു തീരുമാനിച്ചത്.
Next Story

RELATED STORIES

Share it