ജെഎന്‍യു: കനയ്യ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ഒരു മുദ്രാവാക്യവും വിളിച്ചിട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍. കാംപസിലെ സുരക്ഷാ ഉദ്യോഗസ്ഥനായ അമര്‍ജിത്ത് കുമാര്‍, ഡല്‍ഹി പോലിസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ രാംബീര്‍ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ മൊഴിനല്‍കിയത്.
സംഭവദിവസം ഒളികാമറയില്‍ പകര്‍ത്തിയ ദൃശ്യത്തിലും കനയ്യ മുദ്രാവാക്യം വിളിച്ചതായി കണ്ടെത്തിയിരുന്നില്ല. സബര്‍മതി ദാബയില്‍നിന്ന് പുറപ്പെട്ട മാര്‍ച്ച് ഗംഗാദാബയിലെത്തിയ ശേഷമാണ് കനയ്യ പ്രസംഗിച്ചതെന്നും മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നുമാണ് അമര്‍ജിത്ത് പറഞ്ഞത്. ചടങ്ങില്‍ ജെഎന്‍യു അധികൃതരുടെ അനുമതിയില്ലാതെ പുറത്തുനിന്ന് ചിലര്‍ പങ്കെടുത്തിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടുവര്‍ഷവും കാംപസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്നിരുന്നു. അപ്പോള്‍ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല- രാംബീര്‍ പറഞ്ഞു. പോലിസ് എന്തുകൊണ്ട് ചടങ്ങു തടഞ്ഞില്ലെന്ന ചോദ്യത്തിന്, കാംപസില്‍ കടക്കാന്‍ വൈസ് ചാന്‍സലറുടെ അനുമതി വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കാംപസില്‍ പോലിസില്ലായിരുന്നു. എന്നിട്ടും താന്‍ മുതിര്‍ന്ന ഓഫിസര്‍മാരെ സംഭവം അറിയിച്ചിരുന്നതായും രാംബീര്‍ പറഞ്ഞു.
അതിനിടെ, രാജ്യസ്‌നേഹത്തെക്കുറിച്ച് സംസാരിക്കുന്ന ബിജെപി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ എതിര്‍ത്ത പിഡിപിയുമായി കശ്മീരില്‍ സഖ്യമുണ്ടാക്കിയത് എന്തുകൊണ്ടാണെന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ ചോദിച്ചു. പോലിസില്‍ കീഴടങ്ങാതെ കാംപസില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ ജനറല്‍ സെക്രട്ടറി രാമനാഗ, അശുതോഷ്‌കുമാര്‍, ആനന്ദ് പ്രകാശ് എന്നിവരാണ് മാധ്യമങ്ങളോട് ഈ ചോദ്യമുന്നയിച്ചത്.
Next Story

RELATED STORIES

Share it