ജൂനിയര്‍ സൂപ്രണ്ടിനെയും മുന്‍ സെക്രട്ടറിയെയും പ്രോസിക്യൂട്ട് ചെയ്യും

തിരുവനന്തപുരം: വോട്ടര്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെ നടപടിക്രമങ്ങള്‍ പാലിക്കാതെ പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ സമ്മതിദായകരുടെ പേര് ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്ത ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ (ജൂനിയര്‍ സൂപ്രണ്ട് ) കെ കെ മനോജ്, അസി. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ (മുന്‍ സെക്രട്ടറി) വി വി അരുണ്‍കുമാര്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചു.
പൊന്നാനി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എസ്ടി 185/2018 ആയാണ് കേസ് പരിഗണിക്കുന്നത്. ക്രിമിനല്‍ നടപടി നിയമം 190, 200 എന്നീ വകുപ്പുകള്‍ പ്രകാരം കേരള മുനിസിപ്പാലിറ്റി ആക്റ്റ് 84 എ ഇന്ത്യന്‍ ശിക്ഷാ നിയമം 34 എന്നിവയില്‍ പറയുന്ന കുറ്റങ്ങള്‍ക്കാണ് കേസ് എടുത്തത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യമായാണു വോട്ടര്‍പ്പട്ടികാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് കോടതിയെ സമീപിക്കുന്നത്.
അഴീക്കല്‍ വാര്‍ഡിലെ വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമായി ലഭിച്ച അപേക്ഷകളില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസറും അസി. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസറും ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു. 18 വയസ്സ് പൂര്‍ത്തിയാവാത്തവരെയും വാര്‍ഡിലെ സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. കൂടാതെ നിരവധി വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പ്പട്ടിക 2017 നവംബര്‍ 17ന് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ആക്ഷേപങ്ങളും അവകാശങ്ങളും സമര്‍പ്പിച്ചവര്‍ക്കും ആക്ഷേപം ഉന്നയിക്കപ്പെട്ടവര്‍ക്കും വീണ്ടും നോട്ടീസ് നല്‍കി. ആവശ്യമായ അന്വേഷണം നടത്തിയും വാദം കേട്ടും പുതുക്കിയ വോട്ടര്‍പ്പട്ടിക 2017 ഡിസംബര്‍ 12ന് പ്രസിദ്ധീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരം പുതിയ പട്ടിക അനുസരിച്ചാണ് അഴീക്കല്‍ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Next Story

RELATED STORIES

Share it