Flash News

ജുനൈദ് വധം: വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ജുനൈദ് വധം: വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
X


ന്യൂഡല്‍ഹി: ജുനൈദ് ഖാന്‍ എന്ന മതവിദ്യാര്‍ഥിയെ തീവണ്ടിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിര്‍ദേശം നല്‍കി. വിചാരണാനടപടികള്‍ പുരോഗമിക്കുന്ന ഫരീദാബാദ് സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് അടുത്തതവണ വാദംകേള്‍ക്കാനെടുക്കുംമുമ്പ് വിചാരണാനടപടികള്‍ പൂര്‍ത്തിയാക്കണമെന്നും, കേസില്‍ ദിവസേന വാദം കേള്‍ക്കാനും അഞ്ചുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ പ്രധാന പ്രതികളിലൊരാളായ രമേശ്വര്‍ ദാസിന്റെ ജാമ്യഹരജി തള്ളിക്കൊണ്ടാണ് കോടതി നിര്‍ദേശം.കേസില്‍ ജുനൈദിന്റെ സഹോദരന്‍ ഹാഷിമിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അര്‍ജുന്‍ ഷിയോറണ്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് രമേശ്വറിന്റെ ജാമ്യം കോടതി തള്ളിയത്. തീവണ്ടിയില്‍ വച്ച് സംഘംചേര്‍ന്നു മര്‍ദിക്കുന്നതിനു തുടക്കമിട്ടത് രമേശ്വര്‍ ആയിരുന്നുവെന്ന് ഹാഷിമിന്റെ അഭിഭാഷകന്‍ പറഞ്ഞു. കേസ് ഗുരുതര സ്വഭാവമുള്ളതാണെന്നും വിചാരണ പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. നിയമവിരുദ്ധമായി സംഘംചേരല്‍, കലാപത്തിനു ശ്രമിക്കല്‍, മനപ്പൂര്‍വം മുറിപ്പെടുത്താനുള്ള ശ്രമം എന്നീ കുറ്റങ്ങളാണ് രമേശ്വറിനെതിരെയുള്ളത്. ചെറിയപെരുന്നാളിന്റെ രണ്ടുദിവസം മുമ്പാണ് ഡല്‍ഹിയില്‍ നിന്നു വസ്ത്രങ്ങളുള്‍പ്പെടെ വാങ്ങി മടങ്ങുന്നതിനിടെ 17കാരനായ ജുനൈദ് ഖാനെ  ഒരുസംഘം മര്‍ദിച്ച് കൊല്ലപ്പെടുത്തിയത്. മര്‍ദനത്തില്‍ സഹോദരന്‍ ഹാഷിമിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it