kozhikode local

ജീവനക്കാരെത്തിയില്ല : നരിക്കുനി വില്ലേജ് ഓഫിസിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം



നരിക്കുനി: ജീവനക്കാരെത്താത്തതിനാല്‍ നരിക്കുനി വില്ലേജ് ഓഫീസിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും ഉപരോധിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. അഞ്ച് ജീവനക്കാരുടെ തസ്തികയാണ് ഈ വില്ലേജ് ഓഫീസിലുള്ളത്. ഒരാള്‍ വിരമിക്കുകയും മറ്റൊരാള്‍ സ്ഥലം മാറിപ്പോവുകയും ചെയ്തതോടെ മൂന്ന് പേരാണ് ഇവിടെയുണ്ടായിരുന്നത്. ഇതില്‍ വില്ലേജ് ഓഫീസര്‍ ട്രെയ്‌നിംഗിലാണ്. ബാക്കിയുള്ള രണ്ട് പേരില്‍ ഒരാള്‍ അസുഖം കാരണം ലീവാകുകയും മറ്റൊരാള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോവുകയും ചെയ്തിനെതുടര്‍ന്നാണ് വില്ലേജ് ഓഫീസ് അടച്ചിട്ടിരുന്നത്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പേര്‍ വില്ലേജ് ഓഫിസില്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥരെ കാണാതെ മടങ്ങിപ്പോകുകയായിരുന്നു. ഇതെ തുടര്‍ന്ന് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും നേതൃത്വത്തില്‍ വില്ലേജ് ഓഫിസ് ഉപരോധിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അധികൃതരും കാക്കൂര്‍ പോലിസും സ്ഥലത്തത്തി. വിവിധ സംഘടനകള്‍ വില്ലേജ് ഓഫീസിന്റെ വാതിലിന് മുന്നില്‍ റീത്തും തൂക്കി. ഉച്ചക്ക് ഒരു മണിയോടെ കോണ്‍ഫറന്‍സിന് പോയ ഉദ്യോഗസ്ഥന്‍ തിരിച്ചെത്തി. റവന്യൂവകുപ്പ് ഒരു ജീവനക്കാരനെ കൂടി ഈ ഓഫീസിലേക്ക് നിയമിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it