Kottayam Local

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ക്കു പരിക്ക്‌



തൊടുപുഴ: വാഗമണ്‍ ഉളുപ്പൂണിയില്‍ വിനോദ സഞ്ചാരികളുമായി ട്രക്കിങ് നടത്തുകയായിരുന്ന ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 13പേര്‍ക്ക് പരിക്ക്.ഇന്നലെ രാവിലെ 11നായിരുന്നു അപകടം. കോട്ടയം, മുവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ളവരായിരുന്നു വിനോദസഞ്ചാരികള്‍. റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ ഇവര്‍ ഉളുപ്പൂണി സ്വദേശി സുരേഷ് കുമാറിന്റെ ജീപ്പ് സവാരിക്ക് വിളിക്കുകയായിരുന്നു. ഉളുപ്പൂണിയിലെ മൊട്ടക്കുന്നുകളില്‍ സമയം ചെലവഴിച്ച ശേഷം സമീപത്തെ കവന്ത എന്ന സ്ഥലത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. മലമുകളില്‍ നിന്ന് ഇറങ്ങി ഉളുപ്പൂണി വഴിയാണ് കവന്തക്ക് പോകേണ്ടത്.എന്നാല്‍, അതിനു പകരം ഇവര്‍ ഓഫ് റോഡ് ട്രക്കിങ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കാറുള്ള കുത്തനെ ഇറക്കവും തിരിവുകളുമുള്ള പാത തിരഞ്ഞെടുക്കുകയായിരുന്നു.തലേന്ന് രാത്രി പെയ്ത മഴ മൂലം റോഡ് തെന്നിയാണ് കിടന്നിരുന്നത്. കുത്തനെയുള്ള ഇറക്കമിറങ്ങി വരുന്നതിനിടെ കുറേദൂരം നിരങ്ങി നീങ്ങിയ ജീപ്പ് മറിയുകയായിരുന്നു.ചിലര്‍ പുറത്തേക്ക് തെറിച്ചുവീണു. ഡ്രൈവര്‍ കോട്ടമല സ്വദേശി സുരേഷ് കുമാറിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കലക്ടറേറ്റിന് സമീപം പഴയപറമ്പില്‍ സയന്‍ (18), സെലിന്‍ (16), ജേക്കബ് (11), ആന്‍ മരിയ (18), ഇഷിത (15), മിലി (17), അഞ്ജലി (21), ലോഹിബ് (18), തോമസ് (17), നേഹ (19), ലയന (20), മരിയ (18) എന്നിവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.വാഗമണ്‍ പോലിസും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it