ജിഷ വധക്കേസ്: പോലിസ് കംപ്ലയിന്റ്‌സ് അതോറിറ്റിയും ഐജിയും നേര്‍ക്കുനേര്‍; എന്തോ ഒളിച്ചുവയ്ക്കാന്‍ പോലിസ് ശ്രമിക്കുന്നു: ജസ്റ്റിസ് നാരായണക്കുറുപ്പ്

കൊച്ചി: ജിഷ വധക്കേസ് അന്വേഷണത്തിലെ വീഴ്ചയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി പോലിസ് കംപ്ലയിന്റ് അതോറിറ്റിയും പോലിസിനെ ന്യായീകരിച്ച് ഐജിയും രംഗത്ത്. പ്രാഥമികാന്വേഷണ ഘട്ടത്തിലുണ്ടായ പിഴവുസംബന്ധിച്ച് വിശദീകരണം നല്‍കുന്നതിന് ഇന്നലെ അതോറിറ്റിക്കു മുമ്പില്‍ ഹാജരാവാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഐജി മഹിപാല്‍ യാദവ് ഉള്‍പ്പെടെയുള്ളവര്‍ എത്തിയില്ല.
പകരം അഭിഭാഷകന്‍ മുഖേന വിശദീകരണം സമര്‍പ്പിക്കുകയായിരുന്നു. ഇതാണ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പിനെ ചൊടിപ്പിച്ചത്.
വിശദീകരണം തള്ളിയ ചെയര്‍മാന്‍ പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇരുട്ടുമുറിയില്‍ അന്ധന്‍ പൂച്ചയെ തിരയുന്നതുപോലെയാണ് ജിഷ വധക്കേസിലെ പോലിസ് അന്വേഷണമെന്നും എന്തോ ഒളിച്ചുവയ്ക്കാന്‍ പോലിസ് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെയും അതോറിറ്റിയുടെയും ഇടപെടലിനെ തുടര്‍ന്നാണു കൃത്യം നടന്ന് അഞ്ചു ദിവസത്തിനുശേഷം സംഭവസ്ഥലം സീല്‍ ചെയ്യുന്നത്. ഇതിനിടെ നിര്‍ണായക തെളിവുകള്‍ നഷ്ടമായി. ജിഷയുടെ രക്തസാംപിള്‍ പോലിസ് സൂക്ഷിച്ചിട്ടില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിലും പിഴവുകള്‍ സംഭവിച്ചു. തികഞ്ഞ ലാഘവത്തോടെയാണ് ഈ കേസ് പോലിസ് കൈകാര്യംചെയ്തതെന്നു ബോധ്യമായതിനാലാണ് അതോറിറ്റി ഇടപെട്ടതെന്നും നാരായണക്കുറുപ്പ് വ്യക്തമാക്കി.
ഐജി മഹിപാല്‍ യാദവ്, എസ്പി യതീഷ് ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാര്‍, കുറുപ്പംപടി സിഐ എന്‍ രാജേഷ്, എസ്‌ഐ സോണി മത്തായി എന്നിവര്‍ ജൂണ്‍ രണ്ടിന് അതോറിറ്റി മുമ്പാകെ ഹാജരാവാനും ജസ്റ്റിസ് ഉത്തരവിട്ടു. അതേസമയം, ജിഷ വധക്കേസ് അന്വേഷിക്കാന്‍ പോലിസ് കംപ്ലയിന്റ് അതോറിറ്റിക്ക് അധികാരമില്ലെന്നാണ് ഐജിയുടെ വിശദീകരണം. ജുഡീഷ്യല്‍ കോടതിയാണ് അന്വേഷണം നടത്തുന്നത്. ഇത് അതോറിറ്റിയുടെ പരിധിയില്‍ വരുന്ന കേസല്ലെന്നും ഐജി മഹിപാല്‍ യാദവ് പറഞ്ഞു.
എന്നാല്‍, അന്വേഷണത്തില്‍ ഇടപെടുകയല്ല, കേസിലെ വീഴ്ചകള്‍ കണ്ടെത്തുക മാത്രമാണ് ഉദ്ദേശ്യമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പോലിസ് വീഴ്ചവരുത്തിയെന്നു കാണിച്ച് അഭിഭാഷകനായ ബേസില്‍ കുര്യാക്കോസാണ് പോലിസ് കംപ്ലയിന്റ്‌സ് അതോറിറ്റി മുമ്പാകെ ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it