ജിഷയുടെ പിതാവിന്റെ പരാതി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തും; എല്ലാവരെയും തൃപ്തിപ്പെടുത്തി അന്വേഷിക്കാന്‍ കഴിയില്ല: ഡിജിപി

തിരുവനന്തപുരം: ജിഷ വധക്കേസില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തി അന്വേഷണവുമായി മുന്നോട്ടുപോവാന്‍ പോലിസിനു കഴിയില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസില്‍ അന്വേഷണം തുടരുകയാണെന്നും പറയേണ്ട സമയം വരുമ്പോള്‍ അന്വേഷണ വിവരങ്ങള്‍ പുറത്തുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടേറെ തെളിവുകള്‍ ഇനിയും ലഭിക്കാനുണ്ട്. അതിനു ശേഷമേ മാധ്യമങ്ങള്‍ക്കു വിശദാംശങ്ങള്‍ നല്‍കാനാവൂ. പ്രതിയെ പിടികൂടിയെങ്കിലും പ്രാഥമികാന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ല. തെറ്റ് പറ്റാത്ത തരത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോവാനാണു താല്‍പര്യം. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയാണ് പോലിസിന്റെ കടമ. ഇതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. പറയേണ്ട സമയത്ത് എല്ലാ കാര്യങ്ങളും പൊതുജനങ്ങളോടു പറയും.
പ്രതിയെ പിടിച്ചയുടന്‍ മാധ്യമങ്ങള്‍ക്കു വിവരം കൈമാറുന്നതല്ല തന്റെ സ്‌റ്റൈല്‍. ദേശീയതലത്തില്‍ താന്‍ അന്വേഷിച്ച കേസുകളിലെല്ലാം ഇത്തരത്തിലാണു പ്രവര്‍ത്തിച്ചത്. ജിഷയുടെ പിതാവിനു കേസ് സംബന്ധിച്ച് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അദ്ദേഹമടക്കമുള്ളവര്‍ പറഞ്ഞ കാര്യങ്ങള്‍കൂടി കണക്കിലെടുത്തായിരിക്കും അന്വേഷണം. ഊമക്കത്തുകള്‍ പരിശോധിക്കും.
മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവരെ വേര്‍തിരിച്ചുകാണുന്നത് ഭരണഘടനാലംഘനമാവും. അവരുടെ സമ്മതമില്ലാതെ അവരുടെ വിരലടയാളം പോലും പോലിസിനു ശേഖരിക്കാന്‍ കഴിയില്ല. ഇവിടെ വരുന്ന മറ്റു സംസ്ഥാനക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നു വാശിപിടിക്കാനാവില്ല. ഒട്ടേറെ മലയാളികള്‍ മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കണം. ഇതര സംസ്ഥാന തൊഴിലാളികളില്‍ 90 ശതമാനം പേരും കുറ്റവാളികളല്ലെന്ന കാര്യം വിസ്മരിക്കരുത്. എങ്കിലും ഇത്തരം തൊഴിലാളികളുടെ ബാഹുല്യം കണക്കിലെടുത്ത് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആഭ്യന്തര സെക്രട്ടറിയുമായി ആലോചിക്കും. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യം പരിഗണനയിലാണ്.
ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഇവര്‍ക്കും ബാധകമാണ്. നിര്‍ബന്ധപൂര്‍വം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല. ജിഷയുടെ അച്ഛന്‍ പാപ്പു ഉന്നയിച്ചിരിക്കുന്ന പരാതികളെക്കുറിച്ച് അന്വേഷിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. കേസന്വേഷണത്തിനിടെ ഉന്നയിച്ചിരിക്കുന്ന പരാതികളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും ഡിജിപി വ്യക്തമാക്കി.
Next Story

RELATED STORIES

Share it