Pathanamthitta local

ജില്ല വികസനത്തിന്റെ പാതയില്‍: മന്ത്രി അടൂര്‍ പ്രകാശ്

പത്തനംതിട്ട: ജില്ലയെ സംബന്ധിച്ച് ഇത് കുതിച്ചുചാട്ടത്തിന്റെ കാലമാണെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന 67ാമത് റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് റിപബ്ലിക്ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ശബരിമല വികസനം ഇന്ന് യാഥാര്‍ഥ്യമാണ്. മറ്റേതൊരു ജില്ലയോടും കിടപിടിക്കുന്ന റോഡുകള്‍ ജില്ലയിലുണ്ട്.
പൈതൃക ടൂറിസത്തിനും ഇക്കോ ടൂറിസത്തിനും ഏറെ പ്രാധാന്യമുള്ള ജില്ലയാണ് പത്തനംതിട്ട. ഇത് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അടവി ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിലെ രണ്ടാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ കുട്ടവഞ്ചി സവാരി കേന്ദ്രമാണ് അടവി. അടവി ഫെസ്റ്റും ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു.
ഗവി പദ്ധതിക്ക് 25 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചു. കണ്ടക്ടഡ് ടൂറിസത്തിന് 20 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഭാവി തലമുറയെ ഭരണസംവിധാനത്തിന്റെ ഉന്നത ശ്രേണിയില്‍ എത്തിക്കുക ലക്ഷ്യമിട്ടാണ് ജില്ലയില്‍ സിവില്‍ സര്‍വീസ് അക്കാദമി ആരംഭിച്ചതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന തീവ്രവാദത്തെയും മതമൗലിക വാദത്തെയും ദേശീയ ബോധമാക്കി പരിവര്‍ത്തനം ചെയ്യണമെന്നും അഴിമതി രഹിതവും സുതാര്യവും നീതിപൂര്‍വവുമായ സമൂഹം കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞയെടുക്കാമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. കെ ശിവദാസന്‍ നായര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍, ജില്ലാ പോലിസ് മേധാവി ടി നാരായണന്‍, എഡിഎം എം സുരേഷ്‌കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, ഉപാധ്യക്ഷന്‍ പി കെ ജേക്കബ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സലിം പി ചാക്കോ, മുന്‍ ചെയര്‍മാന്‍ എ സുരേഷ്‌കുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it