malappuram local

ജില്ലാ റോഡുകളുടെ പ്രവൃത്തിക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല : മങ്കട മണ്ഡലത്തില്‍ റോഡ് നവീകരണം പാതിവഴിയില്‍ ഉപേക്ഷിക്കും



മങ്കട:  ജില്ലാ റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാന്‍ പാടില്ലന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുമൂലം മങ്കട മണ്ഡലത്തിലെ കോഴിക്കോട്ടുപറമ്പ്-മക്കരപറമ്പ് റോഡ് നവീകരണ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിക്കും. ഈ റോഡില്‍ മക്കരപറമ്പ് മുതല്‍ കോഴിക്കോട്ടുപറമ്പ് ഭാഗത്തേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഇപ്പോള്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഇനി രണ്ട് കിലോമീറ്റര്‍ പൂര്‍ത്തീകരിക്കാനുണ്ട്. സര്‍ക്കാറിന്റെ പുതിയ ഉത്തരവുമൂലമാണ് പ്രവൃത്തികള്‍ തടസ്സപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് രണ്ടു കോടി രൂപ ചെലവഴിച്ച് റബറൈസ് നടത്തി നവീകരിച്ചത്. ഫണ്ടിന്റെ അപര്യാപ്തത കാരണം രണ്ട് കിലോമീറ്റര്‍ പൂര്‍ത്തിയാക്കാനായില്ല. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബാക്കിയുള്ള ഭാഗം റബറൈസ് നടത്തി നവീകരിക്കുന്നതിന് 1.20 കോടി രൂപ ടി എ അഹമ്മദ് കബീര്‍ എംഎല്‍എ അനുവദിച്ചിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള മറ്റ് ജില്ലാ റോഡുകളുടെ ഇനത്തില്‍ വരുന്ന റോഡുകള്‍ക്ക് ഈ ഫണ്ട് വിനിയോഗിക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് നിര്‍മാണ പ്രവൃത്തികള്‍ തടസ്സപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് റോഡില്‍ മാത്രമെ റഹറൈസിങ് നടത്താന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രസ്തുത റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ സര്‍ക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല. അതിനിടെ 2017-18 വര്‍ഷത്തിലെ നബാര്‍ഡ് ഫണ്ടില്‍ ഉള്‍പെടുത്തി ഈ റോഡിന് രണ്ടു കോടി രൂപ അനുവദിക്കണമെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ രേഖാമൂലം ആവശ്യപ്പെട്ടു. എന്നാല്‍, നബാര്‍ഡ് ഫണ്ടും പിഡബ്ല്യൂഡി റോഡേ ചെയ്യാവൂ എന്ന നിര്‍ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായാണ് വിവരം. ഇതോടെയാണ് നിര്‍മാണ പ്രവൃത്തികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഇത്തരം നിലപാട് ഗ്രാമീണ റോഡുകളുടെ തകര്‍ച്ചയ്ക്ക് ഇടയാക്കുന്നുണ്ട്. മക്കരപറമ്പ്-കോഴിക്കോട്ടുപറമ്പ് റോഡ് നവീകരണം ഉപേക്ഷിക്കാനുള്ള തീരുമാനത്തിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
Next Story

RELATED STORIES

Share it