kasaragod local

ജില്ലാ പ്രവേശനോല്‍സവം ഇന്ന് ; വിദ്യാലയങ്ങള്‍ ഉല്‍സവ ലഹരിയില്‍



കാസര്‍കോട്: അംഗീകാരമില്ലാത്ത സ്വകാര്യ വിദ്യാലയങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നടപടികള്‍ ആരംഭിച്ചതോടെ പൊതുവിദ്യാലയങ്ങള്‍ ഉല്‍സവത്തിമിര്‍പ്പില്‍. കുട്ടികളുടെ കുറവ് മൂലം പ്രയാസം നേരിട്ട പൊതുവിദ്യാലയങ്ങളില്‍ 50 ശതമാനത്തോളം കുട്ടികളാണ് ഇക്കുറി അധികമായത്. ഇരട്ടിയിലധികം കുട്ടികളുടെ പ്രവേശനം ഒന്നാംതരത്തിലുണ്ടായ വിദ്യാലയങ്ങളുമുണ്ട്. സ്‌കൂളുകള്‍ ഹൈടെക് ആകുന്നതിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. ചിത്രകാരന്മാരെ കൊണ്ട് ക്ലാസ് മുറികള്‍ ആകര്‍ഷകമാക്കാനുള്ള നടപടികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പക്ഷികളുടേയും മൃഗങ്ങളുടേയും കളിപ്പാട്ടങ്ങളുടേയും ചിത്രങ്ങള്‍ കൊണ്ട് ക്ലാസ് മുറികള്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. രക്ഷിതാക്കളും നാട്ടുകാരും ഒത്തൊരുമിച്ച് പ്രവേശനോല്‍സവം വന്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ഒന്നാംക്ലാസിലെ കുട്ടികളെ ബലൂണുകളും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും നല്‍കി സ്വീകരിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിലെ എല്ലാ ഉപജില്ലകളിലും ആഴ്ചകളായി രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളുകള്‍ മോടിപിടിപ്പിക്കുന്നതിനുള്ള തിരക്കിലാണ്. തികച്ചും പ്രകൃതി സൗഹൃദമായ അന്തരീക്ഷത്തിലാണ് പ്രവേശനോല്‍സവം സംഘടിപ്പിക്കുന്നത്. ബലൂണുകളും ഓലപ്പീപ്പികളും പാളതൊപ്പികളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ തോറും തദ്ദേശസ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സ്‌കൂളുകളുടെ മോടിപിടിപ്പിക്കല്‍ നടന്നിരുന്നു. ഈ അധ്യയന വര്‍ഷം മുതല്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിയതിനാല്‍ ഇംഗ്ലീഷ് മീഡിയം, സിബിഎസ്ഇ സ്‌കൂളുകളോടുള്ള രക്ഷിതാക്കളുടെ താല്‍പര്യം കുറഞ്ഞിട്ടുണ്ട്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്‌കൂളുകളില്‍ പ്രവേശനം ആരംഭിച്ചിരുന്നു. ഇന്ന് ജില്ലാ പ്രവേശനോല്‍സവം നടക്കുന്ന കുമ്പള പേരാല്‍ ജിജെബിഎസ് സ്‌കൂളില്‍ ഒന്നാംക്ലാസില്‍ കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 18 ആയിരുന്ന സ്ഥാനത്ത് 65 ആയി വര്‍ധിച്ചിട്ടുണ്ട്. ചെറുവത്തൂര്‍ ഉപജില്ലയിലെ മിക്ക വിദ്യാലയങ്ങളിലും കുട്ടികളുടെ എണ്ണത്തില്‍ 40 ശതമാനത്തിലധികമാണ് വര്‍ധനവുണ്ടായിട്ടുള്ളത്.
Next Story

RELATED STORIES

Share it