Pathanamthitta local

ജില്ലാ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: കോര്‍ട്ട് കോംപ്ലക്‌സിലെ കോടതികളെ ജില്ലാ ജയിലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി സോമരാജന്‍ ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിങിലൂടെ പത്തനംതിട്ട ജില്ലാ ജയിലില്‍ സന്നിഹിതനായ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജെ നാസറുമായി സംസാരിച്ചായിരുന്നു ഉദ്ഘാടനം. പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നിലുള്ള കേസിലെ പ്രതിയുടെ ജാമ്യഹരജി അനുവദിച്ച വിവരം അറിയിച്ചുകൊണ്ട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഇ എന്‍ ഹരിദാസന്‍ ആദ്യ വീഡിയോ കോണ്‍ഫറന്‍സിങ് നിര്‍വഹിച്ചു.
നൂതന സംവിധാനം നിലവില്‍ വന്നതിനാല്‍ പ്രതികളെ ദിനംപ്രതി ജയിലില്‍ നിന്നു പോലിസ് അകമ്പടിയില്‍ കൊണ്ടുവരുന്നതിന്റെ ഭീമമായ യാത്രപ്പടി സര്‍ക്കാരിന് ലാഭിക്കാനാവും. കോടതിയിലേക്കുള്ള യാത്രയില്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കാനും മറ്റുള്ളവരുമായി നിയമവിരുദ്ധമായി ഇടപെടുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയും.
ശബരിമല സീസണിലും തിരഞ്ഞെടുപ്പ് കാലത്തും കൂടുതല്‍ പോലിസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടിവരുമ്പോള്‍ റിമാന്റ് പ്രതികളെ യഥാസമയം കോടതിയില്‍ മതിയായ സുരക്ഷയില്‍ എത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുന്നു. ഇതിനു പരിഹാരമാണ് കോടതിയും ജയിലും ബന്ധിപ്പിച്ചുള്ള വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം. പത്തനംതിട്ട എംഎസിടി ജഡ്ജി എസ് ജയകുമാര്‍, അഡീഷനല്‍ ജില്ലാ ജഡ്ജിമാരായ കെ ജി സനല്‍കുമാര്‍, പി ഷേര്‍ലിദത്ത്, എം മനോജ്, സബ് ജഡ്ജി ആര്‍ ജയകൃഷ്ണന്‍, മജിസ്‌ട്രേറ്റ് കെ ശശികുമാര്‍, ജില്ലാ ഗവ.പ്ലീഡര്‍ സാബു തോമസ് സംബന്ധിച്ചു. ന്യായാധിപന്മാര്‍ക്കുള്ള പരിശീലനവും കോണ്‍ഫറന്‍സുകളും ഇതിലൂടെ നടത്താന്‍ കഴിയും. ഇതിനായി കോടതി സിറ്റിങ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഒഴിവാവും.
Next Story

RELATED STORIES

Share it