Idukki local

ജില്ലാ ആസ്ഥാന മേഖലകളില്‍ കുടിവെള്ളം കിട്ടാനില്ല

ചെറുതോണി: വേനല്‍ കടുത്തതോടെ ഹൈറേഞ്ചില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. സ്വാഭാവിക ജലസ്രോതസ്സുകള്‍ പലതും വറ്റി വരണ്ടതോടെ നാട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്.കിലോമീറ്ററുകള്‍ തലച്ചുമടായാണ് പല കുടുംബങ്ങളും ദൈനംദിന ആവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നത്.
ജില്ലാ ആസ്ഥാന മേഖലയായ പൈനാവ്,ചെറുതോണി,തടിയമ്പാട്,ഇടുക്കി എന്നിവിടങ്ങളില്‍ ജലവിഭവ വകുപ്പിന്റെ ജലവിതരണ സംവിധാനമാണ് ജനങ്ങള്‍ക്ക് ആശ്രയം.എന്നാല്‍ ഇത് പലപ്പോഴും തടസ്സപ്പെടുന്നതോടെ ടൗണുകളിലും ജനങ്ങള്‍ കുടിവെള്ളത്തിനായി ക്ലേശിക്കുന്നു. വാഴത്തോപ്പ് പഞ്ചായത്തില്‍ ഉള്‍പ്പെട്ട പെരുങ്കാല,മണിയാറന്‍കുടി, വട്ടമേട്, കേശമുനി,അമ്പത്താറുകോളനി,മരിയാപുരം പഞ്ചായത്തിലെ വിമലഗിരി, ന്യൂമൗണ്ട്, കല്യാണത്തണ്ട്,കാരിഞ്ചമേട്, പ്രിയദര്‍ശിനിമേട്, വാത്തിക്കുടി പഞ്ചായത്തിലെ കോട്ടക്കല്ലിമല, പൂമാംകണ്ടംപാറസിറ്റി, തേക്കിന്‍തണ്ട്, കള്ളിപ്പാറ, കൊന്നത്തടി പഞ്ചായത്തില്‍പ്പെട്ട ഇഞ്ചതൊട്ടി, കുരിശുകുത്തി, ഇരുമലക്കപ്പ്, കണ്ണാടിപ്പാറ, ഇല്ലിസിറ്റി, കരിമല, കഞ്ഞിക്കുഴി പഞ്ചായത്തിലെ മൂന്നേക്കര്‍കോളനി, മൈലപ്പുഴ, ഇഞ്ചപ്പാറ, ആല്‍പ്പാറ, പുന്നയാര്‍, വട്ടോന്‍പാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ അതിരൂക്ഷമായ ജലക്ഷാമം നേരിടുകയാണ്.
പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നും വാഹനങ്ങളില്‍ കുടിവെളളമെത്തിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും നടപടികളായില്ല. കുടിവെള്ളക്ഷാമം പരിഹരിക്കുവാനായി സര്‍ക്കാര്‍ ലക്ഷ്യമിട്ട പല പദ്ധതികളും ഇപ്പോഴും കടലാസുകളില്‍ ഒതുങ്ങിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it