malappuram local

ജില്ലയെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാന്‍ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

മലപ്പുറം: പരിസ്ഥിതി ദിനാഘോഷത്തിന്റെ സന്ദേശമുള്‍ക്കൊണ്ട് ജില്ലയിലെ പ്ലാസ്റ്റിക് മാലിന്യ വിപത്തിനെ നേരിടാന്‍ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇതിനായി കര്‍മപദ്ധതി ആവിഷ്‌കരിച്ചു. പോസ്റ്റര്‍ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ പദ്ധതിക്ക് തുടക്കംകുറിച്ചു.
പ്രകൃതി സൗഹൃദ ശീലങ്ങളിലേക്കും ശൈലികളിലേക്കും പുതുതലമുറ പരിവര്‍ത്തനപ്പെടുക എന്നതാണ് കാംപയിന്റെ മുഖ്യ ലക്ഷ്യം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുക, പ്ലാസ്റ്റിക്കും മറ്റു മാലിന്യവും കൂടിക്കലരുന്ന സാഹചര്യം ഇല്ലാതാവുക, ഉപയോഗിച്ച ശേഷമുള്ള വലിച്ചെറിയലും കത്തിക്കലും തീര്‍ത്തും നിര്‍ത്തുക എന്നിവയാണ് കൈവരിക്കാനുദ്ദേശിക്കുന്ന നേട്ടങ്ങള്‍. പദ്ധതിയുടെ പ്രഥമഘട്ടം ആഗസ്ത് 15 നാണ് അവസാനിക്കുക. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍  ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.  ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശമായി പ്ലാസ്റ്റിക് മാലിന്യങ്ങളെ പടികടത്തുക എന്ന് ഐക്യരാഷ്ട്ര സഭാ ആഹ്വാനം ചെയ്യാനുള്ള കാരണവും ഇതുതന്നെ. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം വഴികളിലും പുറമ്പോക്കുകളിലും കെട്ടിക്കിടക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ള പ്രചാരണ - പ്രവര്‍ത്തന പരിപാടികളാണ് കാംപയിന്‍ ഉദ്ദേശിക്കുന്നത്. നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ കോളജ് ഘടകങ്ങള്‍ക്കാണ് പ്രാദേശിക പരിപാടികളുടെ നിര്‍വഹണ ഉത്തരവാദിത്വം. ഓരോ കോളജ് ഘടകത്തിനും നിശ്ചിത തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചു നല്‍കും. കാംപസുകളിലെ വിവിധ ക്ലബ്ബുകളുടെയും ഏജന്‍സികളുടെയും പിടിഎ കളുടേയും സഹായം ഇവര്‍ക്ക് ലഭ്യമാവും. കൂടാതെ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ത്ത് പ്രശ്‌നം ചര്‍ച്ച ചെയ്യും. പ്ലാസ്റ്റിക് ഇതര, ബദല്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കും.
ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളുടേയും കുടുംബശ്രീ, യുവജന ക്ലബുകള്‍, വായനശാലകള്‍, സാക്ഷരതാ കേന്ദ്രങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളുടേയും രാഷ്ട്രീയ -വ്യാപാര -സാമൂഹിക-സാംസ്‌കാരിക സംഘങ്ങളുടേയും സഹായ സഹകരണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കും. പരിപാടിയുടെ ഭാഗമായി ഹരിത നിയമങ്ങള്‍ പാലിക്കുമെന്ന പ്രതിജ്ഞയെടുക്കുകയും ഹരിത പ്രട്ടോക്കോള്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it