thrissur local

ജില്ലയില്‍ 77.69 ശതമാനം പോളിങ്; വോട്ടിങ് സമാധാനപരം

തൃശൂര്‍: മഴ നേരിയ ആശങ്കയുണ്ടാക്കിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 77.69 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് പുതുക്കാട് മണ്ഡലത്തിലാണ്. ആകെ 80.98 ശതമാനം പേര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് ശതമാനം ഗുരുവായൂരാണ്. 73.13 ശതമാനം പേര്‍ മാത്രമാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.
ജില്ലയിലെ ഓരോ മണ്ഡലത്തിലേക്കും വോട്ടിങ് ശതമാനം ചുവടെ. ചേലക്കര - 79.01, കുന്ദംകുളം - 78.65, ഗുരുവായൂര്‍ - 73.13, മണലൂര്‍ - 76.33, വടക്കാഞ്ചേരി - 80.25, ഒല്ലൂര്‍ - 77.5, തൃശൂര്‍ - 73.34, നാട്ടിക - 76.22, കൈപ്പമംഗലം - 79.35, ഇരിങ്ങാലക്കുട - 77.32, പുതുക്കാട് - 80.98, ചാലക്കുടി - 78.65, കൊടുങ്ങല്ലൂര്‍ - 79.29. രാത്രി 8.30 വരെ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് ഇവ. അവസാന കണക്കുകള്‍ വരുന്നതോടെ ഇതില്‍ ചെറിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ചിലയിടങ്ങളില്‍ കനത്ത മഴ മൂലം വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറില്‍ പോളിങ് മന്ദഗതിയിലായിരുന്നു. പതിനൊന്ന് മണിക്ക് ശേഷമാണ് പോളിങ് ശതമാനത്തില്‍ വര്‍ധനവുണ്ടായത്. മഴമൂലം വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിനാല്‍ പലപ്രദേശങ്ങളിലും മെഴുകുതിരി വെളിച്ചത്തിലാണ് വോട്ടെടുപ്പ് നടന്നത്. ജില്ലയിലെ വിവിധ മേഖലകളിലെ പോളിങ് ബൂത്തുകളില്‍ യന്ത്രത്തകരാര്‍ മൂലം ഏറെ നേരം പോളിങ് തടസ്സപെട്ടു.
10 പോളിങ് സ്‌റ്റേഷനുകളിലാണ് വോട്ടെടുപ്പ് തടസ്സപെട്ടത്. രാവിലെ മന്ദഗതിയിലാണ് പോളിങ് ആരംഭിച്ചതെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടതോടെ പോളിങ് നിരക്ക് ഉയര്‍ന്നു. രാവിലെ ചുരുക്കം ചില പോളിങ് ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തിന് നിസാര തകരാറുകള്‍ ഉണ്ടായെങ്കിലും അവയെല്ലാം അപ്പപ്പോള്‍ തന്നെ പരിഹരിക്കാന്‍ കഴിഞ്ഞതിനാല്‍ അവയൊന്നും പോളിങ് ശതമാനത്തെ ബാധിച്ചില്ല. കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ജില്ലയിലൊരിടത്തു നിന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച എല്ലാ വോട്ടര്‍മാരെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി രതീശന്‍ അഭിനന്ദിച്ചു.
24,87,686 പേരാണ് ജില്ലയിലെ വോട്ടര്‍മാര്‍. ഇതില്‍ 11,84,230 പേര്‍ പുരുഷന്‍മാരും 13,03,455 പേര്‍ സ്ത്രീകളും ആണ്. ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ട ഒരു വോട്ടറും ജില്ലയിലുണ്ട്.
ആകെ 2027 പോളിങ് ബൂത്തുകളാണ് ജില്ലയില്‍ ക്രമീകരിച്ചിരുന്നത്. തൃശൂര്‍ നിയോജകമണ്ഡലത്തിലെ 149 പോളിങ് സ്റ്റേഷനുകളില്‍ 105 എണ്ണത്തില്‍ ഇക്കുറി പരീക്ഷണാര്‍ത്ഥം വോട്ടേഴ്‌സ് വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍ (വിവിപിഎടി) യന്ത്രങ്ങള്‍ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് റിസര്‍വ്വ് അടക്കം ആകെ 10,500 ഉദേ്യാഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്.
Next Story

RELATED STORIES

Share it