Pathanamthitta local

ജില്ലയില്‍ 7618 ഭൂരഹിതരും 4178 ഭൂമിയുള്ള ഭവനരഹിതരും

പത്തനംതിട്ട: ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വാസയോഗ്യമായ ഭവനം ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയെ  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗൗരവത്തോടെ കാണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി.
ലൈഫ് മിഷനും ദാരിദ്ര്യലഘൂകരണവിഭാഗവും കിലയും ചേര്‍ന്ന് ജില്ലാ പഞ്ചായത്ത്, നഗരസഭകളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി നടത്തിയ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ലൈഫ് മിഷന്‍ ജില്ലാ ചെയര്‍മാന്‍ കൂടിയായ  അവര്‍. ലൈഫ് മിഷന്‍ പട്ടിക പ്രകാരം ജില്ലയില്‍ 7618 ഭൂരഹിതരും 4178 ഭൂമിയുളള ഭവനരഹിതരും ഉണ്ട്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ അടുത്ത വാര്‍ഷിക പദ്ധതിയില്‍ 20 ശതമാനത്തോളം തുക ലൈഫ് പദ്ധതിക്ക് മാറ്റിവയ്ക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ഭൂമിയുളളവര്‍ക്ക് വാസയോഗ്യമായ ഫഌറ്റ് ഉള്‍പ്പെടെയുളള ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതാണ് പദ്ധതി.ഇതനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി തയാറാക്കണം. ഭൂമിയുളള എല്ലാ ഭവന രഹിതര്‍ക്കും അടുത്ത വര്‍ഷം വീടുകള്‍ നല്‍കുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ രണ്ടാംഘട്ട ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് സജീവമായ ഇടപെടല്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും  നടത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.
ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടും ഭൂരഹിത ഭവനരഹിതര്‍ക്ക് ക്ലസ്റ്റര്‍ വീടുകളും ഭവന സമുച്ചയങ്ങളും നിര്‍മ്മിച്ചു നല്‍കാനാണ് ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഭവനസമുച്ചയങ്ങളോടനുബന്ധിച്ച് ജീവനോപാധികളും കൂടി ലഭ്യമാക്കുമെന്ന് ദാരിദ്ര്യലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു. ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ റാണി സജീവ്, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ അംബിരാജ്, അജിത് ക്ലാസിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it