Pathanamthitta local

ജില്ലയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ എല്ലാ സഹായവും നല്‍കും: മന്ത്രി



കോന്നി: വിമാനത്താവളം നിര്‍മിക്കുന്നവര്‍ ആവശ്യമായ അനുമതികള്‍ നേടിയെടുത്താല്‍ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കോന്നിയില്‍ മാധ്യമ പ്രവര്‍ത്തരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്‍മുള വിമാനത്താവളം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ തടസമുണ്ടാക്കിയില്ല. ആറന്‍മുളയിലെ നിര്‍ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണ് നീക്കം ചെയ്യുന്നതു സംബന്ധിച്ച് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇതു നടപ്പാക്കിയതില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കും. കോന്നി മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും കോന്നി ആനക്കൂട്, അടവി, ഗവി ഇക്കോ ടൂറിസം പദ്ധതികള്‍ വിജയകരമായി നടപ്പാക്കാനുമായെന്ന് മന്ത്രി അവകാശപ്പെട്ടു. ഗവി വിനോദസഞ്ചാര പദ്ധതിക്ക് കേന്ദ്രസഹായം നേടുന്നതിന് 100 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചു. ഇതു പ്രകാരം 25 കോടി രൂപ ആദ്യഘട്ടമായി ലഭിച്ചു. ഉന്നതവിദ്യാഭ്യാസ സൗകര്യം കോന്നി മണ്ഡലത്തില്‍ ലഭ്യമാക്കാനായി. രണ്ട് മെഡിക്കല്‍ കോളജുകള്‍, ഫുഡ് ടെക്‌നോളജി കോളജ്, 15 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ യാഥാര്‍ഥ്യമായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കി. ഇതില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വരുന്ന അധ്യയന വര്‍ഷം ക്ലാസ് ആരംഭിക്കുകയാണ് ലക്ഷ്യം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ചു. ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചു കഴിഞ്ഞു. പ്രമാടത്തെ രാജീവ് ഗാന്ധി ഔട്ട്‌ഡോര്‍ സ്റ്റേഡിയത്തിനായി ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കായിക താരങ്ങള്‍ക്ക് താമസ സൗകര്യത്തിനുള്ള കെട്ടിടങ്ങളുടെ നിര്‍മാണം നടന്നു വരുന്നു. ഏനാത്ത്-വള്ളിക്കോട്-വകയാര്‍-കോന്നി-തണ്ണിത്തോട്-ചിറ്റാര്‍-പ്ലാപ്പള്ളി വഴി 75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 100 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്നതിന് ഭരണാനുമതിയായി. ശബരി റെയില്‍ പാത ഉണ്ടാവണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്നും മല്‍സരിക്കുമെന്നും മന്ത്രി വ്യക്്തമാക്കി.
Next Story

RELATED STORIES

Share it