Kottayam Local

ജില്ലയില്‍ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു ; എട്ടു ലക്ഷം വൃക്ഷത്തൈകള്‍ നടും



കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ലോകപരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. ശുദ്ധവായുവിനും ശുദ്ധജലത്തിനുമായി ജില്ലയിലുടനീളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചാണ് ഏവരും പരിസ്ഥിതി ദിനത്തെ വരവേറ്റത്. ഹരിതകേരളം ദൗത്യത്തിന്റെ ഒമ്പതാംഘട്ടത്തിന്റെ ഭാഗമായി ജില്ലയിലാകെ 8 ലക്ഷം വൃക്ഷത്തൈകള്‍ നടുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഹരിതകേരളം ദൗത്യത്തിന്റെ ഒമ്പതാംഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നെല്ലി, മാതളം, സീതപ്പഴം, പേര, പ്ലാവ്, അഗസ്ത്യ ചീര, ഉങ്ങ്, റംമ്പൂട്ടാന്‍, തേക്ക് തുടങ്ങി നൂറോളം ഇനങ്ങളില്‍പ്പെട്ട വൃക്ഷതൈകള്‍ പൊതുജനങ്ങള്‍ക്കും വിവിധ സാമൂഹ്യസാംസ്‌കാരിക സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യുന്നതിന് ജില്ലയില്‍ തയ്യാറായിട്ടുളളതായി അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂളില്‍ നടന്ന ലോകപരിസ്ഥിതി ദിനാചരണത്തിന്റെയും ഹരിതകേരള ദൗത്യത്തിന്റെ ഒമ്പതാം ഘട്ടത്തിന്റെയും ജില്ലാതല ഉദ്ഘാടനം കെ സുരേഷ് കുറുപ്പ് എംഎല്‍എ നിര്‍വഹിച്ചു. കുട്ടികള്‍ക്കുളള വൃക്ഷത്തൈ വിതരണവും ചടങ്ങില്‍ എംഎല്‍എ നിര്‍വഹിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ വിശിഷ്ട അതിഥികളുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. തെളളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തിരൂവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ വൃക്ഷത്തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമി അങ്കണത്തില്‍ സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ വൃക്ഷത്തൈ നട്ടു. അക്കാദമി മാനേജര്‍ സുഗതകുമാരി, എക്‌സിബിഷന്‍ ഓഫിസര്‍ ബാബുമോന്‍, കെയര്‍ടേക്കര്‍ സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി. ചങ്ങനാശ്ശേരി: ചങ്ങനാശേരി ക്ലബ്ബിന്റെയും വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ചങ്ങനാശേരി ബൈപാസില്‍ വൃക്ഷത്തൈകള്‍ നടുകയും നിലവിലുള്ള പൂച്ചെടികളുടെ സംരക്ഷണത്തിനായി ഇരുമ്പുകുടകള്‍ നിര്‍മിച്ച് നല്‍കുകയുമുണ്ടായി. ചങ്ങനാശേരി ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജേക്കബ് അധ്യക്ഷത വഹിച്ചു. വൃക്ഷത്തൈകളുടെ വിതരണം മുനിസിപ്പല്‍ കൗണ്‍സിലര്‍ എത്സമ്മ ജോബ് നിര്‍വഹിച്ചു. ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹരിത നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. സാംജി വടക്കേടം സിഎംഐ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ലോക പരിസ്ഥിതി ദിനത്തില്‍ കേരള എന്‍ജിഒ സെന്റര്‍ ഫലവൃക്ഷത്തൈ നടുകയും വിതരണം നടത്തുകയും ചെയ്തു. മരം ഒരു വരം എന്ന സന്ദേശവുമായി ഒരാഴ്ചക്കാലം തുടര്‍പരിചരണ പരിപാടി നടത്താനും തീരുമാനിച്ചു.ഈരാറ്റുപേട്ട: നഗരസഭാതല പരിസ്ഥിതി ദിനാചരണത്തിന്റെയും ബിആര്‍സി തല മഴക്കൊയ്ത്ത് ഉല്‍സവത്തിന്റെയും ഉദ്ഘാടനം കടുവാമുഴി പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ സ്‌കൂളില്‍ പി സി ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ് അധ്യക്ഷത വഹിച്ചു. പി എച്ച് ഹസീബ്, വി എം സിറാജ്, കുഞ്ഞുമോള്‍ സിയാദ്, അഡ്വ.വി പി നാസര്‍, എഇഒ അബ്ദുല്‍ റസ്സാഖ്, ഹസീന ഫൈസല്‍, ബീമാ നാസര്‍, വി കെ കബീര്‍ നിസാര്‍ കുര്‍ബാനി എന്നിവര്‍ സംസാരിച്ചു.മരങ്ങാട്ടുപിള്ളി: ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര ഫലവൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വൃക്ഷങ്ങളെ ആലിംഗനം ചെയ്ത് ഇവ തങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.
Next Story

RELATED STORIES

Share it